തീവ്രവാദി പരാമര്‍ശം; മാപ്പ് പറയാനാവശ്യപ്പെട്ട് പഞ്ചാബില്‍ കര്‍ഷകര്‍ നടി കങ്കണയുടെ കാറ് തടഞ്ഞു
ഛണ്ഡീഗഢ്: കര്‍ഷക പ്രതിഷേധക്കാരെ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചതിന് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ കര്‍ഷകര്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെ തടഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാഷിക നിയമത്തിനെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടക്കുന്നതിനിടയിലാണ് നടി കങ്കണ കര്‍ഷകരെ തീവ്രവാദികളെന്ന് ആക്ഷേപിച്ചത്.
ഒരു വര്‍ഷത്തോളം ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്ത സമയത്താണ് കടുത്ത ബിജെപി, ആര്‍എസ്എസ് അനുഭാവിയായ കങ്കണ കര്‍ഷകരെ ഭീകരര്‍, ഖാലിസ്ഥാനികള്‍, സാമൂഹിക വിരുദ്ധര്‍ എന്നൊക്കെ ആക്ഷേപിച്ചത്.
പഞ്ചാബിലൂടെ കടന്നുപോകുന്നതിനിടയില്‍ കര്‍ഷകര്‍ കൊടികളും ബാനറുകളുമായി കങ്കണയുടെ കാറ് തടയുകയും ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
''ഇവിടെ ഒരു ജനക്കൂട്ടം എന്നെ വളഞ്ഞിരിക്കുന്നു. അവര്‍ എന്നെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു''- ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ അവര്‍ പറഞ്ഞു.
''ഇത് പൊതുസ്ഥലത്തെ ആള്‍ക്കൂട്ട ആക്രമണമാണ്. എനിക്ക് സുരക്ഷ ഇല്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഇവിടത്തെ സ്ഥിതി അവിശ്വസനീയമാണ്. ഞാന്‍ ഒരു രാഷ്ട്രീയക്കിയാണോ? എന്താണ് ഇങ്ങനെ''-അവര്‍ ചോദിച്ചു.
സംഭവത്തെക്കുറിച്ച് അറിയില്ലെന്നും അന്വേഷിച്ച് പ്രതികരണമറിയിക്കാമെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
ഭീഷണികൊണ്ട് തന്നെ ഭയപ്പെടുത്താനാവില്ലെന്ന് കങ്കണ പറഞ്ഞു. പോലിസ് എത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചയച്ചത്.