മതേതരത്വത്തെ വെല്ലുവിളിക്കുന്നത്, മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം; വഖഫ് ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

Update: 2025-04-02 11:11 GMT

ന്യൂഡല്‍ഹി: രാജ്യത്തെ മതേതരത്വത്തെ വെല്ലുവിളിക്കുന്ന നിര്‍ണായക ബില്ലാണ് വഖഫ് ഭേദഗതി ബില്ലെന്ന് ഡിഎംകെ. നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം രാജ്യത്തിന്റെ മതേതര ഘടനയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നതിനാല്‍ തന്റെ പാര്‍ട്ടി അതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ പറഞ്ഞു.

'ഡിഎംകെ ഇതിനെ എതിര്‍ക്കുന്നു. നമ്മുടെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തമിഴ്നാട് നിയമസഭയില്‍ ഒരു പ്രമേയം പാസാക്കി. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഞങ്ങള്‍ കൈവിടില്ല. ഈ ബില്ലിനെ എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നില്‍ക്കുന്നു.' ഡിഎംകെ എംപി കനിമൊഴിയും വ്യക്തമാക്കി.

അതേസമയം, ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദും വഖഫ് ബില്ലിനെ വിമര്‍ശിച്ചു, ഇത് മുസ്ലീങ്ങളുടെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഖഫ് സ്വത്തുക്കള്‍ കൊള്ളയടിക്കുക എന്നതാണ് സര്‍ക്കാരിന്റെ അജണ്ട എന്നും ബില്ലിനെതിരേ സംസാരിച്ച ആസാദ് പറഞ്ഞു.

നേരത്തെ, ഭേദഗതികള്‍ അവതരിപ്പിക്കാന്‍ വേണ്ടത്ര സമയം നല്‍കിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട്, ബില്ല് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അംഗം കെ സി വേണുഗോപാല്‍ ആരോപിച്ചു.

ന്യൂനപക്ഷ സമുദായങ്ങളെ അരികുവല്‍ക്കരിക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആരോപിച്ചു. അപകീര്‍ത്തിപ്പെടുത്തുക, ഭിന്നിപ്പിക്കുക, അവകാശം നിഷേധിക്കുക എന്നിവയാണ് അവരുടെ ലക്ഷ്യമെന്നും ഗൊഗോയ് പറഞ്ഞു.അതേസമയം, സര്‍ക്കാരിന്റെയും പ്രതിപക്ഷ അംഗങ്ങളുടെയും ഭേദഗതികള്‍ക്ക് തുല്യ പരിഗണന നല്‍കിയതായി സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

Tags:    

Similar News