വഖ്ഫ് ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധം; സമരത്തിനെതിരേ നോട്ടിസിറക്കി പോലിസ്, പോലിസ് രാജെന്ന് സംഘാടകര്‍

കോഴിക്കോട്: വഖ്ഫ് നിയമത്തിനെതിരേയുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്താനൊരുങ്ങി പോലിസ്. ബുധനാഴ്ച സോളിഡാരിറ്റിയും എസ്‌ഐഒയും പ്രഖ്യാപിച്ച കോഴിക്കോട് എയര്‍പോര്‍ട്ട് ഉപരോധത്തിനെതിരെയാണ് സംഘാടകര്‍ക്ക് പോലിസ് നോട്ടിസ് അയച്ചത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടേതാണ് ഉത്തരവ്. പ്രതിഷേധത്തിനെത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും വാഹന ഉടമക്കെതിരേ കേസെടുക്കുമെന്നും നോട്ടിസില്‍ പറയുന്നു. ഇത് പോലിസിന്റെ യുപി മാതൃക ആണെന്നും പോലിസ് രാജ് അനുവദിക്കില്ലെന്നും സമരത്തിന്റെ സംഘാടകര്‍ പറഞ്ഞു.

അതേസമയം, പോലിസിന്റെ നോട്ടിസില്‍ ഭയമില്ലെന്നും സംഘപരിവാറിനെതിരായ സമരം എന്തിനാണ് കേരള പോലിസിനെ ചൊടിപ്പിക്കുന്നതെന്നും എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുല്‍ വാഹിദ് ചോദിച്ചു. പരവതാനി വിരിച്ച് സ്വീകരിക്കും എന്നാഗ്രഹിച്ച് പ്രതിഷേധത്തിനിറങ്ങിയവരല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു. പോലിസിന്റെ വാറോല കൊണ്ട് തങ്ങളെ തടഞ്ഞുനിര്‍ത്താന്‍ സാധ്യമല്ലെന്നും അബ്ദുല്‍ വാഹിദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ആരു തന്നെ ശ്രമിച്ചാലും ഇന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള പ്രധാന വഴികള്‍ ഉപരോധിക്കാന്‍ തന്നെയാണ് തീരുമാനമെന്നും അതില്‍ ഒരു മാറ്റവും ഇല്ലെന്നും സോളിഡോരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാടും ഫേസ്ബുക്കില്‍ വ്യക്തമാക്കി.