കുരങ്ങുപനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം
തിരുനെല്ലി പഞ്ചായത്തില്‍ മൃഗ സംരക്ഷണ വകുപ്പിന്റെയും പൂക്കോട് വെറ്റിനറി സര്‍വകലാശാലയുടെയും നേതൃത്വത്തില്‍ മൃഗാരോഗ്യ ക്യാംപും, ബോധവല്‍ക്കരണവും നടത്തി.
കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുപനി ജാഗ്രതാ നടപടികളുടെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനൊരുങി ജില്ലാ ഭരണകൂടം. അതിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തില്‍ മൃഗ സംരക്ഷണ വകുപ്പിന്റെയും പൂക്കോട് വെറ്റിനറി സര്‍വകലാശാലയുടെയും നേതൃത്വത്തില്‍ മൃഗാരോഗ്യ ക്യാംപും, ബോധവല്‍ക്കരണവും നടത്തി.
മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തിലെ 28 പേര്‍ക്കാണ് ഈവര്‍ഷം കുരങ്ങുപനി ബാധിച്ചത്. എല്ലാവരും ആദിവാസികളാണ്. ഇതില്‍ നാല് പേര്‍ മരിച്ചു. ഒരാള്‍ ചികില്‍സയില്‍ തുടരുകയാണ്. ഇതുകൂടാതെ 12 പേര്‍ക്കുകൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രദേശത്തുള്ളവര്‍ വിറക് തേന്‍ മുതലായവ ശേഖരിക്കുന്നതിനും മീന്‍ പിടിക്കുന്നതിനും കാടിനകത്തേക്ക് പോകുന്നുണ്ട്. ഇങ്ങനെ പോയവര്‍ക്കാണ് ഈ വര്‍ഷം രോഗം കൂടുതലായും ബാധിച്ചത്. ഈ സാഹചര്യത്തിലാണ് ഈ മേഖലകളില്‍ ആളുകളെ ഒരുതരത്തിലും കാടിനുള്ളിലേക്ക് കടക്കാന്‍ അനുവദിക്കാതെ ലോക്ഡൗണ്‍ മോഡല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം.പ്രദേശത്തെ വീടുകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ നേരിട്ടെത്തിച്ചു നല്‍കും. കാടിനോട് ചേര്‍ന്ന മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കാടതിര്‍ത്തികളില്‍ പോലീസിനെയും വിന്യസിക്കും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ജില്ലയില്‍ രോഗബാധയുടെ തോത് അപകടകരമാം വിധം വര്‍ദ്ധിക്കുകയാണെന്ന വിലയിരുത്തലിലാണ് ഈ നടപടികള്‍.
രോഗബാധിത മേഖലകളായ നാരങ്ങാകുന്ന് കോളനി, കൂപ്പ് കോളനി, രണ്ടാം ഗേറ്റ്, ചേലൂര്‍, മണ്ണുണ്ടി കോളനി, ഇരുമ്പുപാലം കോളനി, ബേഗൂര്‍, കാളിക്കൊല്ലി എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. പശു, ആട്, പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ വനത്തില്‍ കടന്നാല്‍ കുരങ്ങ്, ചെള്ള് എന്നിവ ശരീരത്തില്‍ കടിക്കാതിരിക്കുന്നതിനായി മരുന്നുകള്‍ വിതരണം ചെയ്തു. ചീഫ് വെറ്റിനറി ഓഫിസര്‍ ഡോ. ഡി. രാമചന്ദ്രന്‍, ജില്ലാ എപിഡമോളജിസ്റ്റ് ഡോ. ദിലീപ് ഫല്‍ഗുണന്‍, തിരുനെല്ലി പഞ്ചായത്ത് വെറ്റിനറി സര്‍ജന്‍ ഡോ. കെ. ജവഹര്‍, പൂക്കോട് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിയിലെ ഡോ. കെ.ജി. അജിത്ത് കുമാര്‍, ഡോ. എം. പ്രദീപ്, ഡോ. ആര്‍. അനൂപ് രാജ് എന്നിവര്‍ നേതൃത്വം നല്‍കി.