കുരങ്ങുപനി: ജില്ലാ കലക്ടര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: ജര്‍മ്മനി, യുഎസ്, യുകെ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കുരങ്ങുപനി റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
കുരങ്ങുപനി കണ്ടെത്തിയ രാജ്യങ്ങളില്‍ പോയവരെ കണ്ടെത്തി പരിശോധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുമായി ചേര്‍ന്ന് നടപടികള്‍ ശക്തമാക്കാനും ഉത്തരവില്‍പറയുന്നു. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണനാണ് ജില്ലാകലക്ടര്‍മാര്‍ക്ക് ഉത്തരവ് പുറപ്പെടുവിച്ചത്.
കുട്ടികളുള്‍പ്പെടെയുള്ളവരുടെ ശരീരത്തില്‍ അകാരണമായ ചൊറിച്ചില്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണമെന്നാണ് ഒരു നിര്‍ദേശം. സംശയാസ്പദമായ എല്ലാ കേസുകളും ഹെല്‍ത്ത് കെയര്‍ സെന്ററുകളില്‍ റിപോര്‍ട്ട് ചെയ്യണം. എല്ലാ രോഗികളെക്കുറിച്ചുള്ള വിവരങ്ങളും ഇന്റഗ്രേറ്റഡ് ഡിസ്ട്രിക്ട് സര്‍വൈലന്‍സ് ഓഫിസര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് റിപോര്‍ട്ട് ചെയ്യണം. സംശയാസ്പദമായ കേസുകളില്‍ സാംപിളുകള്‍ പരിശോധനക്കയക്കണം- എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.