മങ്കിപോക്‌സ്; കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
രോഗം ബാധിച്ച ആള്‍ ചികില്‍സയിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജിലും സ്വദേശമായ കൊല്ലത്തും സംഘം എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മാനദണ്ഡത്തില്‍ ആവശ്യമായ നിര്‍ദേശങ്ങളും സംഘം നല്‍കും. രോഗം ബാധിച്ച ആള്‍ ചികില്‍സയിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജിലും സ്വദേശമായ കൊല്ലത്തും സംഘം എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടര്‍മാരുമാണ് സംഘത്തിലുള്ളത്. സംഘത്തില്‍ ഒരു മലയാളിയുമുണ്ട്.കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങുന്ന സംഘം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് വിശദമായ റിപോര്‍ട്ട് കൈമാറും.
അതിനിടെ, സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നത്.ജില്ലകളില്‍ ഐസൊലേഷന്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.