ശ്രീലങ്കയില്‍ ഗോവധ നിരോധനത്തിന് നീക്കം

1958 ലെ മൃഗസംരക്ഷണ നിയമ പ്രകാരം 12 വയസ്സിന് താഴെയുള്ള പശുക്കളെയും പശുക്കിടാക്കളെയും അറുക്കുന്നതിന് ശ്രീലങ്കയില്‍ നിരോധനമുണ്ട്.

Update: 2020-09-15 19:14 GMT

കൊളംബോ:ശ്രീലങ്കയില്‍ ഗോവധത്തിന് രാജ്യവ്യാപകമായി സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ നീക്കം. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ തന്റെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജാന പെരമുന (എസ്എല്‍പിപി) യുടെ പാര്‍ലമെന്ററി യോഗത്തില്‍ ഇതിന് അംഗീകാരം നേടിയതായി റിപ്പോര്‍ട്ടുണ്ട്.നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ശ്രീലങ്കയിലും ഗോവധ നിരോധനം നടപ്പിലാവും. അതേസമയം ഗോമാംസം ഇറക്കുമതി ചെയ്യുന്നതിനും ഭക്ഷിക്കുന്നതിനും നിരോധനം ബാധകമാകില്ല എന്നും സൂചനയുണ്ട്.

ശ്രീലങ്കയിലെ 22 ദശലക്ഷത്തിലധികം ജനസംഖ്യയില്‍ ബുദ്ധമതക്കാരും (70.2%), ഹിന്ദുക്കളും (12.6%) മുസ്ലിംകളും (ശ്രീലങ്കന്‍ മൂര്‍ എന്നും അറിയപ്പെടുന്നു) (9.7%), റോമന്‍ കത്തോലിക്കാ ക്രിസ്ത്യാനികളുമാണ് (6.1%) ഉള്ളത്. ശ്രീലങ്കക്കാര്‍ വലിയ അളവില്‍ മാംസം ഭക്ഷിക്കുന്നവരാണ്. എന്നിരുന്നാലും, മതത്തിന്റെയും സംസ്‌കാരത്തിന്റെയും കാരണങ്ങളാല്‍, പശുവിനെ ആരാധിക്കുന്ന ബുദ്ധമതക്കാരും ഹിന്ദുക്കളും ഗോവധത്തെ എതിര്‍ക്കുന്നു. 1958 ലെ മൃഗസംരക്ഷണ നിയമ പ്രകാരം 12 വയസ്സിന് താഴെയുള്ള പശുക്കളെയും പശുക്കിടാക്കളെയും അറുക്കുന്നതിന് ശ്രീലങ്കയില്‍ നിരോധനമുണ്ട്.

സര്‍ക്കാറില്‍ വലിയ സ്വാധീനമുള്ള സിംഹള-ബുദ്ധമതക്കാരും, ബുദ്ധമത പുരോഹിത നേതാക്കളും ഗോവധം പൂര്‍ണ്ണമായും നിരോധിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ വോട്ടു ബാങ്കായ ബുദ്ധമത വിശ്വാസികളെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യമാണ് ഗോവധ നിരോധനത്തിനു പിന്നിലുള്ളത്. 

Tags:    

Similar News