കൊവിഡ് 19: പൗരന്മാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ചത് 13,600 കോടിയെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

Update: 2020-05-16 15:38 GMT

ഭോപ്പാല്‍: കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ദുരിതബാധിതരായ ജനങ്ങള്‍ക്ക് വിവിധ സ്‌കീമുകള്‍ വഴി നേരിട്ട് അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്ത തുക 13,600 കോടി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ ആണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിലാണ് ഇത്രയും തുക വിതരണം ചെയ്തത്.

''ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളെ പരമാവധി സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ വിവിധ സാമൂഹ്യസുരക്ഷാപദ്ധതികള്‍ വഴി കുടിയേറ്റക്കാര്‍, പട്ടികവര്‍ഗക്കാര്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗത്തില്‍ പെട്ട ജനങ്ങളുടെ അക്കൗണ്ടിലേക്ക് 13,600 കോടി രൂപ സര്‍ക്കാര്‍ നിക്ഷേപിച്ചു''- മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കൂടുതല്‍ വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ജോലി നഷ്ടപ്പെട്ടവര്‍ക്ക് ജീവസന്ധാരണത്തിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പാടുക്കുന്നുണ്ട്. വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നു. അതിനുവേണ്ടി വിവിധ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്''-അദ്ദേഹം പറഞ്ഞു.

ഈ സമയത്ത് ജനങ്ങള്‍ക്കു മുകളില്‍ കൂടുതല്‍ നികുതി ചുമത്തുന്നത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതുകൊണ്ട് ജിഡിപിയുടെ 3.5 ശതമാനത്തില്‍ കൂടുതല്‍ തുക ബജറ്റ് കമ്മി പാടില്ലെന്ന സാമ്പത്തിക ഉത്തരവാദ ബഡ്ജറ്റ് മാനേജ്‌മെന്റ് നിയമത്തില്‍ ഭേദഗതി വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 5.5 ശതമാനം കമ്മി വരുത്തുന്നതിനുള്ള അനുമതിയാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. അത് ലഭിക്കുകയാണെങ്കില്‍ 15,000-16,000 കോടി അധികമായി ട്രഷറിയിലെത്തും. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ട്''-അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ബിഎംഎസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാനത്ത് നടപ്പാക്കുന്ന പുതിയ തൊഴില്‍നിയമങ്ങള്‍ക്കെതിരേ സംഘടന പ്രഖ്യാപിച്ച പ്രതിഷേധങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പറഞ്ഞു. മെയ് 20നാണ് തൊഴില്‍ നിമയങ്ങളില്‍ വെള്ളം ചേര്‍ത്തെന്നാരോപിച്ച് ബിഎംഎസ് പ്രതിഷേധം പ്രഖ്യാപിച്ചിട്ടുള്ളത്.

കൊവിഡ് പ്രതിസന്ധി കാലത്ത് കൂടുതല്‍ പേര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ ചെറുകിട, വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ട സഹായം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 

Tags:    

Similar News