ബില്ലടയ്ക്കാത്തതിന് വയോധികനെ കെട്ടിയിട്ട സംഭവത്തില്‍ ആശുപത്രി അടപ്പിച്ചു; മാനേജര്‍ക്കെതിരേ കേസ്
ആശുപത്രി മാനേജര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ഷജാപുര്‍ പോലിസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
ഭോപ്പാല്‍: ചികില്‍സയുടെ പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് വയോധികന്റെ കാലും കൈയ്യും ആശുപത്രി കിടക്കയില്‍ ബന്ധിച്ച സംഭവത്തില്‍ ആശുപത്രി അടപ്പിച്ച് ജില്ലാ ഭരണകൂടം.മധ്യപ്രദേശിലെ ഷാജഹാന്‍പൂരിലെ സ്വകാര്യ ആശുപത്രി അടപ്പിച്ച ജില്ലാ ഭരണകൂടം ആശുപത്രി മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതു പ്രകാരം ആശുപത്രി മാനേജര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ഷജാപുര്‍ പോലിസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
രാജ്ഗഡ് ജില്ലയ്ക്കടുത്ത് റണേഡ ഗ്രാമത്തിലെ ലക്ഷ്മിനാരായണ ഡാംഗി എന്ന വൃദ്ധനെയാണ് ചികില്‍സാ തുകയായ 11000 രൂപ അടയ്ക്കാത്തതിനെതുടര്‍ന്ന് കിടക്കയോട് ചേര്‍ത്ത് കെട്ടിയിട്ടത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായിരുന്നു.
അതേസമയം, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നതായും സ്വയം പരിക്കേല്‍പ്പിക്കാതിരിക്കാനാണ് കെട്ടിയിട്ടതെന്നുമാണ് ആശുപത്രിയിലെ ഒരു ഡോക്ടര്‍ അറിയിച്ചത്. സംഭവത്തില്‍, അന്വേഷണത്തിന് ഉത്തരവിട്ട മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ശുപത്രിക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.