ഭോപാല്‍: മധ്യപ്രദേശിലെ ശിവപുരിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. പോട്ട ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ അധ്യാപകനെതിരെയാണ് നടപടിയെടുത്തത്. സ്‌കൂള്‍ പരിസരത്ത് മദ്യവും മാംസാഹാരവും വിളമ്പി അധ്യാപകന്‍ സുഹൃത്തുക്കളെ സല്‍ക്കരിക്കുന്ന ദൃശ്യങ്ങള്‍ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇയാള്‍ സ്ഥിരമായി സ്‌കൂള്‍ പരിസരത്ത് മദ്യസല്‍ക്കാരം നടത്താറുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച നാട്ടുകാരില്‍ ചിലരെ മര്‍ദ്ദിക്കാനും അധ്യാപകന്‍ ശ്രമിച്ചിരുന്നു. സംഭവം വിവാദമായതോടെ പിച്ഛോര്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റും ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറും നല്‍കിയ റിപോര്‍ട്ട് കണക്കിലെടുത്ത് അധ്യാപകനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. അധ്യാപകന്‍ സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അധ്യാപകനെ ചൊവ്വാഴ്ച മുതല്‍ സസ്‌പെന്റ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അശോക് ശ്രീവാസ്തവ സ്ഥിരീകരിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.