മുജീബ് കമ്പാറിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം: എസ്ഡിപിഐ

Update: 2025-02-12 08:27 GMT
മുജീബ് കമ്പാറിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം: എസ്ഡിപിഐ

കാസര്‍കോഡ്: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ മുജീബ് കമ്പാര്‍ കുമ്പള ആരിക്കാടി ടിപ്പു സുല്‍ത്താന്‍ കോട്ടയ്ക്ക് അകത്ത് അതിക്രമിച്ച് കടന്ന് നിധി കുഴിച്ചെടുക്കാന്‍ ശ്രമിച്ചതുമായും പിറ്റേ ദിവസം കോട്ടയിലുണ്ടായ തീ പിടിത്തവുമായും ബന്ധപ്പെട്ട സംഭവങ്ങളില്‍ ഉന്നത അന്വേഷണം വേണമെന്ന് എസ്ഡിപിഐ മുഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി.

സാധാരണ രാഷ്ട്രീയപ്രവര്‍ത്തകനായി കടന്നുവന്ന മുജീബ് കമ്പാര്‍ സാധാരണ കുടുംബത്തില്‍ നിന്ന് കൂടിയാണ് കടന്ന് വന്നത്. അത് കൊണ്ട് അയാളുടെ സാമ്പത്തിക വളര്‍ച്ചയും അയാളുടെ ആസ്തിയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ആരിക്കാടി കോട്ടയിലേക്ക് വന്നത് നിധി കുഴിച്ചെടുക്കാനാണെന്ന് പരസ്യമായി മുജീബ് കമ്പാര്‍ തുറന്ന് പറഞ്ഞത് വാര്‍ത്ത ചാനലുകള്‍ റിപോര്‍ട്ട് ചെയ്തതാണ്. പൊതുമുതല്‍ അപഹരിക്കാന്‍ ശ്രമിച്ചിട്ടും വെറും പെറ്റി കേസ് മാത്രമാണ് നിലവില്‍ കുമ്പള പോലിസ് ചുമത്തിയിട്ടുള്ളതെന്ന് കമ്മിറ്റ് പറഞ്ഞു.

2016 തൊട്ട് കോടതിയുടെ മേല്‍നോട്ടത്തിലുള്ള ഈ കോട്ടയ്ക്കകത്ത് അതിക്രമിച്ച് കടന്ന് കളവ് നടത്താന്‍ ശ്രമിച്ചതിന് നിസാര വകുപ്പ് ചുമത്തി കേസെടുത്തതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ട് എന്നത് വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഗഫൂര്‍ ഹാജി വധക്കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ സംരക്ഷകര്‍ ആരെങ്കിലും ഈ സംഘത്തില്‍ ഉണ്ടോ എന്നതും സംശയമുണര്‍ത്തുന്നുണ്ട്. ഇത്തരം കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ് ഉത്തരവാദത്തപ്പെട്ടവര്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും എസ്ഡിപിഐ മുഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി. മുജീബ് കമ്പാര്‍ പഞ്ചായത്ത് അംഗത്വവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ച് പശ്ചാതാപം നടത്താന്‍ തയ്യാറാവണം എന്ന് ആവശ്യമുന്നയിച്ച് ശക്തമായ സമരത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും കമ്മിറ്റി കൂട്ടിചേര്‍ത്തു.

Tags:    

Similar News