മുകുള്‍ റോയിക്ക് പിഎസി ചെയര്‍മാന്‍സ്ഥാനം: 8 ബിജെപി എംഎല്‍എമാര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗത്വം രാജിവച്ചു

Update: 2021-07-14 01:59 GMT

കൊല്‍ക്കത്ത: ബിജെപിയില്‍ നിന്ന് തൃണമൂലിലേക്ക് ചേക്കേറിയ മുകുള്‍ റോയിക്ക് പബ്ലിക് അക്കൗണ്ട്‌സ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് 8 ബിജെപി എംഎല്‍എമാര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗത്വം രാജിവച്ചു.

മനോജ് ടിഗ്ഗ, മിഹിര്‍ ഗോസ്വാമി, കൃഷ്ണ കല്യാണി, നിഖില്‍ രഞ്ജന്‍ ഡേ, ബിഷ്ണു പ്രസാദ് ശര്‍മ, ദീപക് ബാര്‍മാന്‍, അശോക് കീര്‍ത്താനി, ആനന്ദമയ ബാര്‍മാന്‍ എന്നിവരാണ് സ്ഥാനം രാജിവച്ച എംഎല്‍എമാര്‍.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി മുകുള്‍ റോയിയെ നിയമിച്ചത് തങ്ങളോട് കൂടിയാലോചിച്ചല്ലെന്ന് ബിജെപി എംഎല്‍എമാര്‍ ആരോപിച്ചു. പിഎസി ചെയര്‍മാന്‍ സ്ഥാനനിര്‍ണയം രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും അതുകൊണ്ട് തങ്ങള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനത്തുനിന്ന് പുറത്തുപോവുകയാണെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അടുത്ത ആഴ്ച ഇതേ വിഷയത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും ലോക്‌സഭാ എംപി ഓം ബിര്‍ളയെയും കാണുന്നുണ്ട്.

സാധാരണ പിഎസി ചെയര്‍മാന്‍സ്ഥാനത്ത് പ്രതിപക്ഷത്തുനിന്ന് ഒരാളെയാണ് നിയമിക്കുക. ബിജെപിയുടെ താല്‍പര്യം ബലുര്‍ഘാട്ട് എംഎല്‍എ അശോക് ലാഹിരിയെ ഈ സ്ഥാനത്തുകൊണ്ടുവരണമെന്നാണ്.

എന്നാല്‍ മമതാ ബാനര്‍ജിയാകട്ടെ ബിജെപി ടിക്കറ്റില്‍ ജയിപ്പുവന്ന മുകുള്‍ റോയിയെ പ്രതിപക്ഷപ്രതിനിധിയെന്ന നിലയിലാണ് തല്‍സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം മുകുള്‍ റോയി തൃണമൂലിലേക്ക് ചേക്കേറുകയായിരുന്നു.

20 അംഗ പിഎസിയില്‍ പ്രതിപക്ഷം 6 പേരെയും ഭരണപക്ഷം ബാക്കി അംഗങ്ങളെയുമാണ് നിയമിക്കുക. ആനുപാധിക പ്രാതിനിധ്യമനുസരിച്ചാണ് നിയമനം നടത്തേണ്ടതെന്നാണ് ബിജെപിയുടെ വാദം.

Tags:    

Similar News