മുല്ലപ്പെരിയാര്‍:വിദഗ്ധ സമിതിയുടെ ആവശ്യമില്ല,2026നുള്ളില്‍ സുരക്ഷാ പരിശോധന നടത്തിയാല്‍ മതി;കേരളത്തിന്റെ സത്യവാങ്മൂലത്തിന് തമിഴ്‌നാടിന്റെ മറുപടി
മുല്ലപ്പെരിയാര്‍ അണക്കെട്ടും,ബേബി ഡാമും ബലപ്പെടുത്തണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം
ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയില്‍ അന്താരാഷ്ട്ര വിദഗ്ധ സമിതിയുടെ പരിശോധന ആവശ്യമില്ലെന്ന് തമിഴ്‌നാട്.2026നുള്ളില്‍ സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് കേരളത്തിന്റെ സത്യവാങ്മൂലത്തിന് മറുപടിയായി തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് അന്തിമ വാദമാണ് ആരംഭിച്ചത്.അഞ്ച് പരിഗണനാ വിഷയങ്ങളാണ് കേരളം സമര്‍പ്പിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടും,ബേബി ഡാമും ബലപ്പെടുത്തണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം.റൂള്‍ കര്‍വ്, ഇന്‍സ്ട്രമെന്റേഷന്‍, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യുള്‍, മേല്‍നോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കല്‍, പുതിയ ഡാമിന്റെ അനിവാര്യത. ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
അണക്കെട്ടുകളുടെ പരിശോധനയ്ക്കായി 2018ല്‍ തയ്യാറാക്കിയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം വിദഗ്ധ പരിശോധന എന്നും കേരളം ആവശ്യപ്പെട്ടിരുന്നു.അണക്കെട്ടില്‍ ഇപ്പോള്‍ സുരക്ഷാ പരിശോധന നടത്തേണ്ടതില്ലെന്ന വാദമാണ് തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. കാലപ്പഴക്കം പരിഗണിച്ച് അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താമെന്ന് കേന്ദ്ര ജലകമ്മീഷനും കോടതിയെ അറിയിച്ചിട്ടുണ്ട്.