കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ മുല്ലപ്പള്ളിയും പങ്കെടുക്കില്ല
പിജെ കുര്യന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്
തിരുവനന്തപുരം: പുന സംഘടന ചര്‍ച്ച ചെയ്യാന്‍ ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ വിട്ടുനില്‍ക്കുന്നു. പിജെ കുര്യന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഉള്‍പ്പടെ ചര്‍ച്ച നടത്തിയിട്ടും പല വിഷയത്തിലും പരിഹാരമുണ്ടാകാത്തതില്‍ മുല്ലപ്പള്ളിക്ക് പരിഭവമുണ്ട്. തന്നെ പല പരിപാടികളും അറിയിക്കുന്നില്ലെന്ന പരിഭവവും മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ മുല്ലപ്പള്ളി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിട്ടുനില്‍ക്കല്‍.
ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച പിജെ കുര്യനും യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. രാഹുലിനെതിരെ കുര്യന്‍ നടത്തിയ പരസ്യ വിമര്‍ശനം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ചയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിട്ടുനില്‍ക്കലെന്നാണ് സൂചന. എന്നാല്‍ വിട്ടുനില്‍ക്കലിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും വ്യക്തിപരമായ കാരണങ്ങളുള്ളതിനാലാണ് പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നുമാണ് കുര്യന്‍ നല്‍കുന്ന വിശദീകരണം. നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന കെവി തോമസിനും യോഗത്തിലേക്ക് ക്ഷണമില്ല.