തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി നാലിന് കെപിസിസിയുടെ ആഹ്വാന പ്രകാരം ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലത്തില്‍ നേതാക്കളും പ്രവര്‍ത്തകരും കറുത്ത കൊടികള്‍ ഉയര്‍ത്തിയും ബാഡ്ജ് ധരിച്ചും കരിദിനം ആചരിക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനും അറിയിച്ചു.
ഭരണഘടനെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തെ ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായിട്ടാണ് കെപിസിസി കാണുന്നതെന്ന് ടി യു രാധാകൃഷ്ണന്‍ പറഞ്ഞു. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന് മന്ത്രി പദവി വഹിക്കാന്‍ എന്തുയോഗ്യതയാണുള്ളത്. ആര്‍എസ്എസിനെപ്പോലെ ഭരണഘടന വിരുദ്ധത സിപിഎമ്മിന്റെ മുഖമുദ്രയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരുകാരണവശാലും സജി ചെറിയാനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും സാധ്യമല്ലെന്നും കോടതിയെ സമീപിക്കുന്നതിന്റെ നിയമവശം പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
സജി ചെറിയാന്റെ പ്രസംഗത്തില്‍ ഭരണഘടനാ ലംഘനമില്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ മതിയോ? സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ അവഹേളനവും നടത്തിയില്ലെന്ന് സിപിഎമ്മിന് ബോധ്യമുണ്ടായിരുന്നെങ്കില്‍ എന്തിനാണ് അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റിയത്. അതിന് ഉത്തരം സിപിഎം പറയണം. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുകയാണ്. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം അവര്‍ നേരിടുന്ന ജീര്‍ണതയുടെയും മൂല്യച്യുതിയുടെയും നേര്‍ചിത്രമാണ്. ഭരണഘടനാ മൂല്യങ്ങളെയും അതിന്റെ അന്തഃസത്തയെയും സിപിഎം വെല്ലുവിളിക്കുന്നു.
സജിചെറിയാനെതിരായ തെളിവുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ലഭ്യമാണ്. അത് പരിശോധിക്കാനും മൊഴിയെടുക്കാനും ശ്രമിക്കാതെ അദ്ദേഹത്തിനെതിരെ തെളിവില്ലെന്ന വിചിത്ര നിലപാടാണ് പിണറായി വിജയന്റെ പോലിസ് സ്വീകരിച്ചത്. ആരോപണ വിധേയരായ സിപിഎം നേതാക്കളെ ഏതുവിധേനെയും രക്ഷപ്പെടുത്തുകയെന്ന ദൗത്യമാണ് ഇപ്പോള്‍ കേരള പോലിസിന്റെ പ്രധാനപണിയെന്നും സുധാകരന്‍ പരിഹസിച്ചു. ഇന്ത്യന്‍ ഭരണഘടനയോട് സിപിഎമ്മിന് എക്കാലവും പുച്ഛമാണ്. ആര്‍എസ്എസിനെപ്പോലെ ഭരണഘടന വിരുദ്ധ സിപിഎമ്മിന്റെ ശൈലിയാണ്.
ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച വ്യക്തിയെ വീണ്ടും മന്ത്രിയാക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിനും ഇടതുപാര്‍ട്ടികള്‍ക്കും ഭരണഘടനാ സംരക്ഷണദിനം ആചരിക്കാന്‍ എന്തവകാശമാണുള്ളത്.ലഹരി,ഗുണ്ടാ മാഫിയ ഉള്‍പ്പെടെ എല്ലാത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും സിപിഎമ്മിന്റെ സാന്നിധ്യമുണ്ട്. അധികാരം നിലനിര്‍ത്താന്‍ എന്തു വൃത്തിക്കെട്ട സമീപനവും സിപിഎം സ്വീകരിക്കും. അതിന് തെളിവാണ് ഇപി ജയരാജനെതിരേ അന്വേഷണം വേണ്ടെന്ന് വെച്ചതും സജി ചെറിയാന്റെ മന്ത്രി പദവിയിലേക്കുള്ള തിരുച്ചുവരവെന്നും സുധാകരന്‍ പറഞ്ഞു.