സജി ചെറിയാന്റെ സത്യപ്രതിജ്ഞ; നിയമോപദേശം തേടി ഗവര്‍ണര്‍

Update: 2022-12-31 14:40 GMT

തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതി കേസ് തീര്‍പ്പാകാത്തതിനാല്‍ നിയമതടസ്സമുണ്ടോ എന്നാണ് ഗവര്‍ണര്‍ സ്റ്റാന്റിങ് കൗണ്‍സിലിനോട് ആരാഞ്ഞത്. ഭരണഘടനയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ ജനുവരി നാലിന് (ബുധനാഴ്ച) ആണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്. സജി ചെറിയാന്റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന് സജി ചെറിയാന്‍ എംഎല്‍എ പ്രതികരിച്ചത്. ഭരണഘടനെ താന്‍ ആക്ഷേപിച്ചിട്ടില്ലെന്ന് സജി ചെറിയാന്‍ ഇന്നും ആവര്‍ത്തിച്ചു. മന്ത്രിസ്ഥാനത്തേക്ക് തിരികെ വരുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദമുണ്ടായപ്പോള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് മന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചത്. ഇനിയെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News