സി.പി.എം നേതാക്കളുടെ കള്ളക്കടത്തുക്കാരുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെ സി.പി.എം നേതാക്കള്‍ക്ക് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഗുഡ് വിന്‍ നിക്ഷേപ തട്ടിപ്പ് സംഘവുമായുള്ള ബന്ധം കസ്റ്റംസും എന്‍.ഐ.എയും സമഗ്രമായി അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
സ്വര്‍ണക്കള്ളക്കടത്ത് സംഘങ്ങളുമായി എന്നും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് സി.പി.എം നേതാക്കളെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് വസ്തുകള്‍ വച്ചുകൊണ്ട് ഒരു പ്രമുഖ ചാനല്‍ പുറത്ത് വിട്ട ഞെട്ടിക്കുന്ന വാര്‍ത്ത. സി.പി.എമ്മിന്റെ പ്രധാന ധനസ്രോതസുകളില്‍ ഒന്ന് കള്ളക്കടത്തും സ്വര്‍ണക്കടത്തുമാണെന്നത് നാണക്കേടാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ ജയില്‍ സന്ദര്‍ശനവും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ കൂപ്പര്‍ വിവാദവും അതിനുദാഹരണങ്ങളാണ്.
മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിച്ച ഗുഡ് വിന്‍ സ്വര്‍ണക്കടയുടെ ഉടമകളായ രണ്ടു മലയാളി സഹോദരങ്ങളും സി.പി.എം നേതാക്കളുമായി വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ്. ഏറ്റവും കൂടുതല്‍ മലയാളികളെ വഞ്ചിച്ച സ്ഥാപനമാണ് ഗുഡ് വിന്‍ നിക്ഷേപ കമ്പനി. കേരള സര്‍ക്കാര്‍ ഇവര്‍ക്കെതിരെ കേസെടുക്കാതിരുന്നത് അവരുമായുള്ള അടുപ്പം കൊണ്ടാണ്.
അധോലോക സംഘങ്ങളുടേയും മൂലധന ശക്തികളുടേയും സ്വാധീനത്തിലക്കപ്പെട്ട സി.പി.എം അനുദിനം ജീര്‍ണതയിലേക്കാണ് പോകുന്നത്. കേരളീയ പൊതുസമൂഹം ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. യാഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരും ഇടതു യുവജന സംഘടനകളും ശക്തമായി ഇതിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.