മുരളീധരന്റെ പെരുമാറ്റം ആര്‍എസ്എസ് ക്രിമിനലിനെ പോലെ;രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍

വി മുരളീധരനെ നിലയ്ക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി

Update: 2022-05-01 10:09 GMT

കണ്ണൂര്‍:വര്‍ഗീയ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെ കാണാന്‍ പോലിസ് കാംപിലെത്തിയ കേന്ദ്രമന്ത്രി മുരളീധരന്‍ പെരുമാറിയത് ആര്‍എസ്എസ് ക്രിമിനലിനെ പോലെയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.പോലിസ് സ്‌റ്റേഷനില്‍ ഓടിയെത്തി പോലിസിനെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രിക്ക് വടിയും വാളും എടുത്ത് അക്രമം നടത്തുന്ന ക്രിമിനലിന്റെ സ്വഭാവമാണ്.വി മുരളീധരനെ നിലയ്ക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പോലിസ് കസ്റ്റഡിയിലെടുത്ത് എ ആര്‍ കാംപിലെത്തിച്ച പി സി ജോര്‍ജിനെ സന്ദര്‍ശിക്കാനാണ് രാവിലെ കേന്ദ്രമന്ത്രി വി മുരളീധരന്‍ എത്തിയത്. എന്നാല്‍ പോലിസ് അനുമതി നിഷേധിക്കുകയായിരുന്നു.ഇതില്‍ രോഷാകുലനായ വി മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മറുപടി നല്‍കാതെ മടങ്ങിയിരുന്നു.

വെള്ളിയാഴ്ച്ച അനന്തപുരി ഹിന്ദുമഹാ സമ്മേളത്തിലെ വിദ്വേഷ പ്രസംഗത്തിലാണ് പി സി ജോര്‍ജിനെ പോലിസ് അറസ്റ്റ് ചെയ്തത്.ഇന്ന് രാവിലെ ഈരാറ്റുപേട്ടയിലെ വസതിയില്‍ നിന്ന് കസറ്റഡിയിലെടുത്ത ജോര്‍ജിനെ എആര്‍ കാംപിലെത്തിച്ച് പ്രാഥമികമായ ചോദ്യം ചെയ്യലിന് ശഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിദ്വേഷം പരത്തുന്ന വാക്കുകള്‍ ഉപയോഗിച്ച് സാമൂഹിക ഐക്യം തകര്‍ക്കാനും,സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ കേസില്‍ പി സി ജോര്‍ജിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

Tags:    

Similar News