ആഴാകുളം ചിറയിലെ പെണ്‍കുട്ടിയുടെ കൊലപാതകം; മാതാപിതാക്കളുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം; കോവളം ആഴാകുളം ചിറയില്‍ ഒരു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട 14 വയസുകാരിയുടെ മാതാപിതാക്കളുടെ ചികില്‍സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായവും നിയമസഹായവും പ്രതിപക്ഷം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചശേഷമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഫേസ് ബുക്കിലൂടെയും അദ്ദേഹം തന്റെ രോഷം പങ്കുവച്ചു. പൊന്നുപോലെ വളര്‍ത്തിയ മകളെ രക്ഷിതാക്കള്‍ തന്നെ കൊന്നെന്നു വരുത്തി തീര്‍ക്കാന്‍ പോലിസ് അവരെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും 19 വയസുകാരനെ തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളിയ ഗുണ്ടകളും ഈ പോലീസും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലിസിന്റെ അന്വേഷണ രീതി അപരിഷ്‌കൃതമാണെന്നും കേരളം അപമാന ഭാരത്താല്‍ നാണിച്ചു തലതാഴ്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകക്കുറ്റം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് മാതാപിതാക്കളെ പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്.