കൊല നടത്താന്‍ സിപിഎമ്മില്‍ പ്രത്യേക ടീം, ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയം; രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന്‍
കണ്ണൂര്‍: ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശുഹൈബിന്റെ കൊലപാതകം ഓര്‍മിപ്പിച്ച് ആകാശ് തില്ലങ്കേരി സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും സതീശന്‍ പറഞ്ഞു. കൊല നടത്താന്‍ സിപിഎമ്മില്‍ പ്രത്യേക ടീമുണ്ട്. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ എന്തും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎം. തീവ്രവാദ സംഘടനകള്‍ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാവും. സിപിഎം ആളെക്കൊല്ലി പാര്‍ട്ടിയെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു. സിപിഎമ്മിന് ആളുകളെ കൊല്ലാന്‍ ആകാശിന്റെ സഹായം വേണ്ടെന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞതിന്റെ അര്‍ഥം.
ആകാശ് തില്ലങ്കേരിയെ പാര്‍ട്ടി തന്നെ വിട്ടതാണ്. ഷുഹൈബ് കേസിലെ പ്രതികളെ മുഴുവന്‍ സംരക്ഷിച്ചു. കേസ് നടത്തിയത് പാര്‍ട്ടിയാണ്. പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ആകാശ് കൊല നടത്തിയത്. സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വം അറിയാതെ ഒരു കൊലപാതകവും നടക്കില്ല. സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമാണ് ആകാശിന്റെ വെളിപ്പെടുത്തല്‍. പോലിസിനെ നോക്കുകുത്തിയാക്കിയാണ് കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയത്. എം വി ഗോവിന്ദന്റെ ജാഥ കൊണ്ട് സിപിഎമ്മിന്റെ കൊലപാതകക്കറ മായില്ലെന്നും സതീശന്‍ കണ്ണൂരില്‍ പറഞ്ഞു.
അതേസമയം, ആകാശിനെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആകാശിനെ സഹായിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നാണ് തില്ലങ്കേരി ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ക്ക് സിപിഎം നേതൃത്വം നല്‍കിയ താക്കീത്. ഷുഹൈബ് വധം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് വിവാദമായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നായിരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. പാര്‍ട്ടിയുടെ സംരക്ഷണം ലഭിക്കാതായതോടെയാണു ക്വട്ടേഷന്‍ സംഘങ്ങളിലേക്കു വഴിമാറിപ്പോയതെന്നും തെറ്റുതിരുത്തിക്കാന്‍ ആരും ശ്രമിച്ചില്ലെന്നുമായിരുന്നു ആകാശ് വ്യക്തമാക്കിയത്.