മുസ്‌ലിം സമുദായ പ്രതിനിധികളെത്തിയില്ല; ശ്രീധരന്‍ പിള്ളയുടെ രഹസ്യചര്‍ച്ച മുടങ്ങി

Update: 2021-01-17 06:18 GMT

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുസ്‌ലിം സംഘടനാ നേതാക്കളെ ഒപ്പം നിര്‍ത്താനുള്ള ബിജെപിയുടെ ശ്രമം പൊളിഞ്ഞു. മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവര്‍ണറുമായ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയെ കളത്തിലിറക്കി മുസ്‌ലിം സമുദായ നേതൃത്വത്തെ കയ്യിലെടുക്കാനുള്ള തന്ത്രമാണ് പാളിയത്. ജനുവരി 16ന് കോഴിക്കോട്ട് വച്ചായിരുന്നു നേതാക്കളുമായുള്ള രഹസ്യചര്‍ച്ച നിശ്ചയിച്ചിരുന്നത്. ശ്രീധരന്‍ പിള്ളയുടെ മിസോറാം ഓഫിസില്‍ നിന്നാണ് ഇതു സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ലെന്നു ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തിയതിനു പിന്നാലെയാണ്, ശ്രീധരന്‍പിള്ളയെ നേരിട്ടിറക്കാന്‍ തീരുമാനിച്ചത്. മലബാറിലെ മുസ്‌ലിം സംഘടനാ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളെന്ന നിലയിലാണ് ശ്രീധരന്‍പിള്ളയ്ക്ക് നറുക്ക് വീണത്.

ജനുവരി 16ന് വൈകീട്ട് 6.30നാണ് മുസ്‌ലിം സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ചത്. ഇതിനു മുമ്പ് ഉച്ചയ്ക്ക് 12നു മതസാമൂഹിക സംഘടനാ നേതാക്കളുമായും ചര്‍ച്ച നിശ്ചയിച്ചിരുന്നു. പക്ഷേ, അതിനിടയില്‍ തേജസ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്തു. ഇത് ചര്‍ച്ചയ്ക്ക് ക്ഷണിക്കപ്പെട്ട സംഘടനകളുടെ അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനു കാരണമായി. അതേ തുടര്‍ന്നാണ് നേതാക്കള്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് സൂചന.

മതനേതാക്കളുമായ കൂടിക്കാഴ്ച രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും മുസ്‌ലിംകളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ വേദിയൊരുക്കുകയാണ് ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറയുന്നു. ആരും എത്താത്തതിനെ തുടര്‍ന്ന്് മാറ്റിവച്ച കൂടിക്കാഴ്ച ജനുവരി 30ലേക്ക് മാറ്റിയിരിക്കുകയാണ്.

മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍ ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ചതായി വാര്‍ത്തയുണ്ട്. കേരളത്തിലെ മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുടെ 80 ശതമാനവും പിടിച്ചെടുക്കുന്നുവെന്ന ക്രിസ്ത്യന്‍ സമുദായ നേതാക്കളുടെ വാദത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന കത്ത് കൈമാറിയെന്നാണ് വിവരം.

ക്രിമിനല്‍ അഭിഭാഷകനായ പി എസ് ശ്രീധരന്‍ പിള്ള നേരത്തേ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോള്‍ തന്നെ കേരളത്തിലെ പ്രമുഖ മുസ് ലിം സംഘടനകളുടെയെല്ലാം വേദികളില്‍ ഇടംപിടിക്കാറുണ്ടായിരുന്നു. രണ്ടാം മാറാട് കൂട്ടക്കൊല, കാസര്‍കോട്ടെ വര്‍ഗീയ കൊലപാതകങ്ങള്‍ എന്നിവയിലെല്ലാം പ്രതികളായ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കു വേണ്ടി വാദിക്കുമ്പോഴും ശ്രീധരന്‍ പിള്ള മുസ്‌ലിം സംഘടനാ വേദികളിലും ഇഫ്താര്‍ പോലുള്ള സംഗമങ്ങളിലും സംബന്ധിച്ചിരുന്നത് വിവാദങ്ങള്‍ക്ക് കാരണമാവാറുണ്ടായിരുന്നു.

ശബരിമല സ്ത്രീപ്രവേശന വിവാദ സമയത്ത്, ഇതൊരു ഗോള്‍ഡന്‍ ചാന്‍സാണെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗം പുറത്തായതോടെയാണ് ഇദ്ദേഹത്തെ ബിജെപി സംസ്ഥാന നേതൃത്വം തന്നെ കൈയൊഴിഞ്ഞത്. തുടര്‍ന്നാണ്, കുമ്മനം രാജശേഖരന്റെ ഒഴിവിലേക്ക് മിസോറാം ഗവര്‍ണര്‍ പദവിയെന്ന 'രാഷ്ട്രീയ വനവാസ'ത്തിനു നിയോഗിക്കപ്പെട്ടത്. എന്നാല്‍, കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായ ശേഷം നേതൃതലത്തില്‍ തന്നെ പടലപ്പിണക്കം രൂക്ഷമായതോടെ കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയെ തന്നെ നിയോഗിച്ചതെന്നാണു സൂചന.

Tags:    

Similar News