മുസ് ലിം നേതാക്കളെ ചാക്കിലാക്കാന്‍ ശ്രീധരന്‍ പിള്ളയെ ഇറക്കി ബിജെപി; കോഴിക്കോട്ട് നാളെ രഹസ്യചര്‍ച്ച
കൂടിക്കാഴ്ചയില്‍ പ്രമുഖ മതസംഘടനാ നേതാക്കളുമെന്ന് സൂചന
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുസ് ലിം സംഘടനാ നേതാക്കളെ ഒപ്പം നിര്‍ത്താന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയെ ഇറക്കി ബിജെപി. ഇതിന്റെ ഭാഗമായി നിലവില്‍ മിസോറാം ഗവര്‍ണറായ അഡ്വ. പി എസ് ശ്രീധരന്‍പിള്ള നാളെ മുസ് ലിം സംഘടനാ നേതാക്കളുമായി കോഴിക്കോട്ട് വച്ച് രഹസ്യചര്‍ച്ച നടത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ലെന്നു ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തിയതിനു പിന്നാലെയാണ്, മലബാറിലെ മുസ് ലിം സംഘടനാ നേതാക്കളുമായി അടുത്ത ബന്ധമുള്ള ബിജെപി നേതാവിനെ തന്നെ രംഗത്തിറക്കുന്നത്. നാളെ വൈകീട്ട് 6.30നാണു മുസ് ലിം സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളതെന്ന് ഐസ്വാള്‍ രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിനു മുമ്പ് ഉച്ചയ്ക്ക് 12നു മത-സാമൂഹിക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയിപ്പിലുള്ളതെങ്കിലും വൈകീട്ട് നടക്കുന്ന ചര്‍ച്ചയില്‍ മുസ് ലിം സംഘടനാ നേതാക്കള്‍ മാത്രമാണ് പങ്കെടുക്കുക. അതേസമയം, എവിടെ വച്ചാണ് ചര്‍ച്ചയെന്നും പങ്കെടുക്കുന്ന മുസ് ലിം സംഘടനാ നേതാക്കള്‍ ആരൊക്കെയാണെന്നതും പുറത്തുവിട്ടിട്ടില്ല.
ക്രിമിനല്‍ അഭിഭാഷകനായ പി എസ് ശ്രീധരന്‍ പിള്ള നേരത്തേ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോള്‍ തന്നെ കേരളത്തിലെ പ്രമുഖ മുസ് ലിം സംഘടനകളുടെയെല്ലാം വേദികളില്‍ ഇടംപിടിക്കാറുണ്ടായിരുന്നു. രണ്ടാം മാറാട് കൂട്ടക്കൊല, കാസര്‍കോട്ടെ വര്‍ഗീയ കൊലപാതകങ്ങള്‍ എന്നിവയിലെല്ലാം പ്രതികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കു വേണ്ടി വാദിക്കുമ്പോഴും ശ്രീധരന്‍ പിള്ള മുസ് ലിം സംഘടനാ വേദികളിലും ഇഫ്താര്‍ പോലുള്ള സംഗമങ്ങളിലും സംബന്ധിച്ചിരുന്നത് വിവാദങ്ങള്‍ക്ക് കാരണമാവാറുണ്ടായിരുന്നു. ഒരുവേള, ശ്രീധരന്‍ പിള്ളയുടെ മുസ് ലിം സംഘടനാ നേതാക്കളുമായുള്ള അടുപ്പം ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം കേരളത്തില്‍ പ്രയോഗിക്കുന്നതിനു വരെ തടസ്സമുണ്ടാക്കുന്നതായി പാര്‍ട്ടിയിലെ തന്നെ എതിരാളികള്‍ വിലയിരുത്തിയിരുന്നു. ശബരിമല സ്ത്രീപ്രവേശന വിവാദ സമയത്ത്, ഇതൊരു ഗോള്‍ഡന്‍ ചാന്‍സാണെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗം പുറത്തായതോടെയാണ് ഇദ്ദേഹത്തെ ബിജെപി സംസ്ഥാന നേതൃത്വം തന്നെ കൈയൊഴിഞ്ഞത്. തുടര്‍ന്നാണ്, കുമ്മനം രാജശേഖരന്റെ ഒഴിവിലേക്ക് മിസോറാം ഗവര്‍ണര്‍ പദവിയെന്ന 'രാഷ്ട്രീയ വനവാസ'ത്തിനു നിയോഗിക്കപ്പെട്ടത്. എന്നാല്‍, കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായ ശേഷം നേതൃതലത്തില്‍ തന്നെ പടലപ്പിണക്കം രൂക്ഷമായതോടെ കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ മുസ് ലിം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയെ തന്നെ നിയോഗിച്ചതെന്നാണു സൂചന.
അതേസമയം, അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുമായുള്ള രഹസ്യ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തായിട്ടും ഏതൊക്കെ സംഘടനാ നേതാക്കളാണ് പങ്കെടുക്കുന്നത് എന്നതു സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. എന്‍ആര്‍സി, സിഎഎ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ഉന്‍മൂലന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍, അവരുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തുന്നത് ഏതു നേതാക്കളായാലും അംഗീകരിക്കാനാവില്ലെന്നാണ് മുസ് ലിംകളുടെ പൊതുനിലപാട്. ഇത്തരത്തില്‍ കൂടിക്കാഴ്ച നടത്തുന്നവര്‍ സമുദായത്തിന്റെ ഒറ്റുകാരാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. പ്രമുഖ മത സംഘടനയില്‍പെട്ട നേതാക്കള്‍ വരെ രഹസ്യ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെന്നാണു വിവരം. കെ സുരേന്ദ്രനെ അപേക്ഷിച്ച്, കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രീധരന്‍ പിള്ളയെ സമീപിക്കുന്നതാണ് ഉചിതമെന്ന് കരുതുന്ന മുസ് ലിം നേതാക്കള്‍ കേരളത്തിലുണ്ട്. നേരത്തേ, കേന്ദ്ര വഖ്ഫ് ബോര്‍ഡ് സംബന്ധിച്ച തര്‍ക്കങ്ങളും മറ്റും പരിഹരിക്കാനും പ്രധാനമന്ത്രിയുമായി വരെ കൂടിക്കാഴ്ച നടത്താനും മുസ് ലിം സംഘടനാ നേതാക്കള്‍ക്ക് അവസരമൊരുക്കിയിരുന്നതും ഇദ്ദേഹമായിരുന്നു.
നിലവില്‍ എ പി അബ്ദുല്ലക്കുട്ടി ബിജെപി ദേശീയ വൈസ് പ്രസിഡന്റായതോടെ, അതുവഴി മുസ് ലിംകളിലേക്ക് കാംപയിന്‍ നടത്താനാവുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം 110ലേറെ മുസ് ലിം സ്ഥാനാര്‍ഥികള്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചത് നേട്ടമായാണ് വിലയിരുത്തുന്നത്. ഇതില്‍ തന്നെ മലപ്പുറം ജില്ലയിലെ വനിതാ സ്ഥാനാര്‍ഥികള്‍ മോദിയുടെ ആരാധകരാണെന്നു വരെ പറഞ്ഞത് വന്‍തോതില്‍ ബിജെപി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേരളം ബാലികേറാമലയാണെന്നു വിലയിരുത്തിയ ബിജെപി ദേശീയ നേതൃത്വം എന്തുവില കൊടുത്തും ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കിയാല്‍ മികച്ച നേട്ടം കൊയ്യാനാവുമെന്ന കണക്കുകൂട്ടലിലാണ്. ഇതിന്റെ ഭാഗമായി കൃസ്ത്യന്‍ സഭാ തര്‍ക്കങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ഇടപെടുമെന്ന് അറിയിക്കുകയും സഭാ നേതാക്കള്‍ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ക്രൈസ്തവ സമൂഹത്തിനിടയില്‍ മുസ് ലിം വിരുദ്ധ പ്രചാരണത്തിലൂടെ ബിജെപിക്ക് സ്വാധീനിക്കാനാവുമെന്നും അവര്‍ കരുതുന്നുണ്ട്. ഇതിന്റെ ഭാഗമെന്നോണമാണ് 'ലൗ ജിഹാദ്', ഹാഗിയ സോഫിയ, ഹലാല്‍ ഭക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ചില കടലാസ് സംഘടനകളുടെ ബാനറില്‍ ക്രിസ്ത്യന്‍ സമൂഹമെന്ന വ്യാജേന മുസ് ലിം വിരുദ്ധ കാംപയിനുകള്‍ നടത്തുന്നത്. ഏതായാലും മലബാറിലെ മുസ് ലിംകള്‍ക്കിടയിലേക്ക് ചേക്കേറാമെന്ന വ്യാമോഹത്തോടെയുള്ള അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയെ രംഗത്തിറക്കിയുള്ള ബിജെപിയുടെ രഹസ്യചര്‍ച്ചയില്‍ ഏതു മുസ് ലിം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്താലും അണികള്‍ക്കിടയില്‍ നിന്ന് കടുത്ത എതിര്‍പ്പുയരുമെന്നതില്‍ സംശയമില്ല.
BJP's Sreedharan Pillai to Secret meeting by Muslim leaders