രാമനവമി സംഘര്‍ഷം: മുസ് ലിം മതനേതാക്കളുടെ പ്രതിനിധി സംഘം അമിത്ഷായെ സന്ദര്‍ശിച്ചു

Update: 2023-04-05 08:58 GMT

ന്യൂഡല്‍ഹി: രാമനവമിയുടെ മറവില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ മുസ് ലിം മതനേതാക്കളുടെ ഒരു പ്രതിനിധി സംഘം ഇന്നലെ രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാനാ മഹ്മൂദ് മദനി, സെക്രട്ടറി നിയാസ് ഫാറൂഖി, ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗങ്ങളായ കമാല്‍ ഫാറൂഖി, പ്രഫ. അക്തറുല്‍ വാസി എന്നിവരാണ് സംഘത്തിനു നേതൃത്വം നല്‍കിയത്. രാജ്യം നേരിടുന്ന 14 വെല്ലുവിളികള്‍ പ്രതിനിധി സംഘം ഉന്നയിച്ചതായി നിയാസ് ഫാറൂഖി പറഞ്ഞു. ബിഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഈയിടെ നടന്ന വര്‍ഗീയ കലാപങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രസംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി അമിത് ഷാ പോസിറ്റീവായി പ്രതികരിച്ചതെന്നും ഞങ്ങളെ വിശദമായി കേട്ടതായും അദ്ദേഹം പറഞ്ഞു. ബിഹാറിലെ നളന്ദയില്‍ മദ്‌റസ കത്തിച്ച സംഭവവും മുസ് ലിം നേതാക്കള്‍ ഉന്നയിച്ചു.

    രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ ജുനൈദിന്റെയും നസീറിന്റെയും കൊലപാതകത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ഫെബ്രുവരി 15ന് നസീ (25), ജുനൈദ് (35) എന്നിവരെ പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയതായി ചുട്ടുകൊല്ലുകയായിരുന്നു. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. എന്നാല്‍, സര്‍ക്കാരിന് ഇതില്‍ പങ്കില്ലെന്നാണ് അമിത് ഷാ മറുപടി നല്‍കിയത്. നിങ്ങളുടെ ഭാഗത്തുനിന്നുള്ള മൗനം മുസ് ലിംകള്‍ക്കിടയില്‍ നിരാശയുണ്ടാക്കുന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അക്കാര്യം പരിശോധിക്കുമെന്ന് പറഞ്ഞതായും കമാല്‍ ഫാറൂഖി പറഞ്ഞു. സ്വവര്‍ഗ വിവാഹം, ഏക സിവില്‍ കോഡ് എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ഞങ്ങളുടെ നിലപാട് പറഞ്ഞു. എന്നാല്‍ അദ്ദേഹം ഇതിനോട് പ്രതികരിച്ചില്ലെന്നും കമാല്‍ ഫാറൂഖി പറഞ്ഞു. ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുസ് ലി പ്രതിനിധികള്‍ തൃപ്തരാണോയെന്ന ചോദ്യത്തിന് ഇതൊരു മഞ്ഞുരുക്കമാണെന്നായിരുന്നു ഫാറൂഖിയുടെ മറുപടി.

Tags:    

Similar News