തെലങ്കാന സെക്രട്ടേറിയറ്റിലെ പള്ളികളും ക്ഷേത്രവും പൊളിച്ചുനീക്കി; പ്രതിഷേധവുമായി ഹിന്ദു-മുസ്‌ലിം നേതൃത്വം; പുനര്‍നിര്‍മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി കെസിആര്‍

അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സെക്രട്ടേറിയറ്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് പഴയ കെട്ടിടങ്ങള്‍ ഇടിച്ച് നിരത്തിയത്.

Update: 2020-07-10 16:00 GMT

ഹൈദരാബാദ്: ഹൈദരാബാദിലെ സെക്രട്ടേറിയേറ്റ് അങ്കണത്തില്‍ സ്ഥിതിചെയ്യുന്ന രണ്ട് പൗരാണിക മസ്ജിദുകളും ക്ഷേത്രവും തെലങ്കാന ഭരണകൂടം പൊളിച്ചു നീക്കി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സെക്രട്ടേറിയറ്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് പഴയ കെട്ടിടങ്ങള്‍ ഇടിച്ച് നിരത്തിയത്.

സമീപത്തെ ബഹുനില കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ പതിച്ചതിനെതുടര്‍ന്ന് മസ്ജിദുകളുടേയും ക്ഷേത്രങ്ങളുടേയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും തുടര്‍ന്നു പൊളിച്ചുനീക്കുകയുമായിരുന്നുവെന്നാണ് ഭരണകൂട ഭാഷ്യം. സെക്രട്ടേറിയറ്റ് അങ്കണത്തിലെ ഹഷ്മി മസ്ജിദും സെക്രട്ടേറിയറ്റ് മസ്ജിദും ക്ഷേത്രവുമാണ് തകര്‍ത്തത്.

പള്ളികളും ക്ഷേത്രവും പൊളിച്ചുമാറ്റിയതിനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. പള്ളികള്‍ തകര്‍ത്തതിനെതിരേ യുനൈറ്റഡ് മുസ്‌ലിം ഫോറം (യുഎംഎഫ്) നേതാക്കളായ എംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി, മൗലാനാ സയ്യിദ് ഷാ അലി അക്ബര്‍ നിസാമുദ്ധീന്‍ (ജാമിഅ നിസാമിയ ചാന്‍സ്ലര്‍), മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി (മുസ് ലിം പേഴ്‌സണല്‍ ബോര്‍ഡ് സെക്രട്ടറി), മൗലാനാ സഫി അഹമ്മദ് മദനി (അഹ്ലെ ഹദീസ്), മൗലാനാ ഹമീദ് മുഹമ്മദ് ഖാന്‍ (ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന പ്രസിഡന്റ്) ശക്തമായി അലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

നടപടി മുസ്‌ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതും മുഖ്യ മന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതുമാണെന്ന് സംഘം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പള്ളികള്‍ ഉടന്‍ പുനര്‍നിര്‍മിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നിര്‍ബന്ധിതരാവുമെന്നും സംഘം മുന്നറിയിപ്പ് നല്‍കി. മസ്ജിദ് സംരക്ഷിക്കുന്നതില്‍ വഖ്ഫ് ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ യുഎംഎഫ് നേതാക്കള്‍ അപലപിച്ചു.

സംസ്ഥാനത്ത് ആരാധാനാലയങ്ങള്‍ പോലും സുരക്ഷിതമല്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് രാമരാജു പറഞ്ഞു. ഈ സ്ഥലങ്ങള്‍ സംരക്ഷിച്ച് അവയ്ക്ക് ദോഷം വരുത്താതെ മറ്റൊരു രൂപരേഖ തയ്യാറക്കാന്‍ കഴിയും. പൊളിനീക്കല്‍ അത്യാവശ്യമാണെങ്കില്‍ ഇരു സമുദായത്തേയും വിശ്വാസത്തിലെടുക്കേണ്ടതുണ്ടായിരുന്നുവെന്നും ഒരു സമുദായത്തിന്റെയും മതവികാരങ്ങളെ സര്‍ക്കാര്‍ വേദനിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമുദായത്തെ സംബന്ധിച്ച് ദാരുണസംഭവമാണെന്ന് ജംഇയത്തുല്‍ ഉലമാ എ ഹിന്ദ് മൗലാനാ ഹാഫിസ് പീര്‍ ഷബീര്‍ അഹമ്മദ് കുറ്റപ്പെടുത്തി. റോഡ് വീതികൂട്ടുന്നതിനായി നേരത്തെ ആംബര്‍പേട്ടില്‍ ഒരു പള്ളി പൊളിച്ചുമാറ്റിയിരുന്നു. ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ ഇത് പുനര്‍നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയപ്പോള്‍ ആരാധനാലയങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഖേദം പ്രകടിപ്പിച്ചു. വിശാലമായ സ്ഥലത്ത് പുതിയ ക്ഷേത്രവും പള്ളിയും നിര്‍മ്മിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

Tags:    

Similar News