കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് വിമത യോഗം
മുസ്‌ലിം ലീഗ് ഭരണഘടനയില്‍ ഇല്ലാത്ത ഉന്നതാധികാര സമിതിയുടെ പേരില്‍ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ആണ് പ്രതിഷേധം ഉയര്‍ന്നത്.
മലപ്പുറം: തിരുത്തല്‍ നടപടികള്‍ ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് വിമത യോഗം. പി എം ഹനീഫ് അക്കാദമിയുടെ പേരില്‍ തിങ്കളാഴ്ച നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കെ എം ഷാജി, അഡ്വ. പി എം സ്വാദിഖലി, ടി.ടി ഇസ്മായില്‍, സമദ് പൂക്കാട്, അഷ്റഫ് കോക്കൂര്‍, സൈനുല്‍ ആബിദ് തുടങ്ങി 150 ഓളംപേര്‍ പങ്കെടുത്തു. സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്ത പി എം ഹനീഫ് അനുസ്മരണ യോഗത്തില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി ഉടന്‍ വിളിച്ചുചേര്‍ത്തു തിരുത്തല്‍ നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നു.
മുസ്‌ലിം ലീഗ് ഭരണഘടനയില്‍ ഇല്ലാത്ത ഉന്നതാധികാര സമിതിയുടെ പേരില്‍ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ആണ് പ്രതിഷേധം ഉയര്‍ന്നത്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും തിതരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജനപിന്തുണ കുറഞ്ഞു വന്നിട്ടും തോല്‍വിയെക്കുറിച്ച് ഗൗരവത്തിലുള്ള ചര്‍ച്ച ഉണ്ടായില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ശുദ്ധികലാശത്തിനായി പൊതുപ്ലാറ്റ്ഫോം രൂപീകരിക്കുകയാണ് ഇക്കാര്യത്തില്‍ വിമര്‍ശകരുടെ ഇനിയുള്ള ലക്ഷ്യം.
5 വര്‍ഷത്തിനിടെ 4 തവണ സത്യപ്രതിജ്ഞ എന്ന കുഞ്ഞാലിക്കുട്ടിയുടേ റിക്കാര്‍ഡും പ്രതിപാദ്യ വിഷയമായി. തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ജനപിന്തുണ കുറഞ്ഞ് വന്നിട്ടും തോല്‍വിയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിക്ക് രാഷ്ട്രീയം കൈമോശം വരികയും ജനാധിപത്യസ്വഭാവം നഷ്ടമാവുകയും ചെയ്തു. ഭരണഘടനാപരമല്ലാത്ത ഉന്നതാധികാര സമിതി പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. പരാജയത്തിന്റെ കാരണം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യുന്നില്ലെന്ന് യോഗത്തില്‍ വിഷയാവതരണം നടത്തിയ റഫീഖ് തിരുവള്ളൂര്‍ വിമര്‍ശിച്ചു.
പരാജയം സമ്മതിക്കുകയാണ് ആദ്യം വേണ്ടതെന്നും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി പാര്‍ട്ടിക്ക് രാഷ്ട്രീയം കൈമോശം വന്നു തുടങ്ങിയിട്ടെന്നും റഫീഖ് തിരുവള്ളൂര്‍ പറഞ്ഞു. രാഷ്ട്രീയമില്ലാതെ പുതിയ കാലത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാനാവില്ല. സന്നദ്ധ പ്രവര്‍ത്തനം കൊണ്ട് മാത്രം പാര്‍ട്ടി വളര്‍ത്താനാകില്ല. പാര്‍ട്ടിയില്‍ ഒരു തീരുമാനമെടുക്കുന്നതിന് കൂട്ടായ ചര്‍ച്ച വേണം. വേണമെങ്കില്‍ തിരഞ്ഞെടുപ്പ് നടക്കണം. പാര്‍ട്ടി ഭരണഘടന അതിന് അനുവദിക്കുന്നുണ്ട്. എന്നാല്‍, ഇത്തരമൊരു പ്രക്രിയ ഇപ്പോള്‍ ലീഗില്‍ നടക്കുന്നില്ല. പകരം ലീഗ് ഭരണഘടനയ്ക്ക് പുറത്തുള്ള ഉന്നതാധികാര സമിതി കൂടി സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നു. ഇത് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു. എന്താണ് ലീഗിന് വോട്ട് ചെയ്തിട്ട് കാര്യമെന്ന് അവര്‍ ചോദിച്ചു. കേഡര്‍ വോട്ടുകള്‍ പോലും ചോര്‍ന്നത് അതു കാരണമാണ്. എന്നാല്‍ ഇതേക്കുറിച്ച് ഗൗരവത്തിലുള്ള ചര്‍ച്ച പാര്‍ട്ടി ഇതുവരെ നടത്തിയിട്ടില്ല'.- റഫീഖ് ആരോപിച്ചു.
പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാനായില്ലെന്നും നിയമസഭാംഗത്വം രാജിവെച്ച് ലോക്‌സഭയിലേക്ക് പിന്നീട് അതും രാജിവെച്ച് നിയമസഭയിലേക്ക്, ഈ ചാഞ്ചാട്ടം കൊണ്ട് പാര്‍ട്ടിക്കും സമൂഹത്തിനും എന്താണ് ഗുണമെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നുവെന്നും യോഗത്തില്‍ റഫീഖ് വ്യക്തമാക്കി. തുടര്‍ന്ന് സംസാരിച്ച കെ.എം ഷാജിയും പി.എം സ്വാദിഖലിയും റഫീഖ് തിരുവള്ളൂരിന്റെ വിമര്‍ശനം ശരിവെക്കുകയാണുണ്ടായത്.