ന്യൂജേഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ മുസ്ലിം സംഘടനകള്‍ ഇഫ്താര്‍ വിരുന്ന് നടത്തി

Update: 2023-03-29 16:47 GMT


ന്യൂജേഴ്‌സി: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ന്യൂജേഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ എം എം എന്‍ ജെയുടേയും നന്മയുടേയും മുഖ്യ കാര്‍മികത്വത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ ചേര്‍ന്നുകൊണ്ട് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പങ്കെടുത്തവര്‍ക്കും അതിഥികള്‍ക്കും പ്രത്യേകമായ അനുഭവമായി മാറി.

മാര്‍ച്ച് 26ാം തീയ്യതി വൈകിട്ട് ന്യൂ ജേഴ്‌സിയില്‍ സംഘടിപ്പിച്ച സമൂഹ ഇഫ്താര്‍ വിരുന്നില്‍ നാനൂറോളം മുസ്ലിം കുടുംബങ്ങളും 150-ല്‍ പരം അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സേവന സംഘടന നേതാക്കളും പ്രശസ്തരായ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ബ്ലോഗര്‍മാരും പങ്കെടുത്തു.

അനാന്‍ വദൂദ എന്ന കൊച്ചു കുട്ടിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ നന്മയുടെയും , എം എം എന്‍ ജെ യുടെയും നേതാവ് ഡോക്ടര്‍ സമദ് പൊന്നേരിയുടെ സ്വാഗത പ്രസംഗത്തില്‍ പ്രളയ സമയത്ത് നന്മ കേരളത്തിനു നല്‍കിയ സേവനങ്ങള്‍ വിശദീകരിച്ചു. മുന്‍ ഫൊക്കാന പ്രസിഡണ്ടും, ഗുരുകുലം സ്‌കൂള്‍ പ്രിന്‍സിപ്പലും ജനനി മാസിക എഡിറ്ററുമായ ജെ മാത്യൂസ് മതങ്ങളും മനുഷ്യരും തമ്മില്‍ സമരസപ്പെട്ടു ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസത്തിനും ഭാഷക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംസാരിച്ച ലോംഗ് ഐലന്റ് ഇന്റര്‍ഫേയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് തലവനും പ്രസ്ത യൂറോളജിസ്റ്റുമായ ഡോക്ടര്‍ ഉണ്ണി മൂപ്പന്‍ കേരളത്തിലെ വിവിധ മതങ്ങളുടെ വഴികളും വേരുകളും വിശദീകരിച്ചു.

യു.എസ്.എ കെ.എം.സി.സിയുടെ പ്രസിഡണ്ടും നന്മയുടെ സ്ഥാപക പ്രസിഡണ്ടുമായ യു.എ നസീര്‍ തുടര്‍ന്ന് സംസാരിച്ചു. നന്മ നിറഞ്ഞ ഈ സദുദ്യമത്തിനു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആശംസ അറിയിച്ചതോടൊപ്പം ഈ പരിപാടി കൂടുതല്‍ വിപുലമായ രീതിയില്‍ എല്ലാവര്‍ഷവും മതേതര ഐക്യം കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ടുകൊണ്ടുപോകാന്‍ സംഘാടകര്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കി.




Tags:    

Similar News