മുസ് ലിം സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി ഉത്തരവ് വിഷയം പഠിക്കാതെയെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍

Update: 2021-06-13 03:55 GMT

കോഴിക്കോട്: മുസ് ലിം സ്‌കോളര്‍ഷിപ്പ് വിഷയം കൃത്യമായി പഠിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. വിമര്‍ശനങ്ങള്‍ ജുഡീഷ്വറിയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൃത്യമായ തീരുമാനങ്ങളില്‍ എത്തുമെന്നും സര്‍വകക്ഷി സമിതിയുടെ റിപോര്‍ട്ട് ഉടന്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ് ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍, 'ന്യൂനപക്ഷ ക്ഷേമ പദ്ധതി കോടതിവിധിയും വസ്തുതയും' എന്ന വിഷയത്തില്‍ നടന്ന വെര്‍ച്വല്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് കോടതിവിധിയെ വിമര്‍ശിക്കുന്നവരെ പിന്തുണച്ച് ജയരാജന്‍ രംഗത്തുവന്നത്.

രാജ്യത്തെ മുസ് ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രജീന്ദ്ര സച്ചാറിന്റെ നേതൃത്വത്തില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് കേരളത്തില്‍ നടപ്പാക്കാക്കുന്നതിന് 2007ല്‍ വി.എസ് സര്‍ക്കാര്‍ നിയമിച്ചതാണ് പാലോളി കമ്മിറ്റിയെ. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ

മുസ് ലിം പ്രാതിനിധ്യം തുച്ഛമാണെന്ന കമ്മിറ്റി കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മുസ് ലിം വിഭാഗത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതെന്നും ഇത് അപഹരിക്കുന്ന ഒരു നടപടിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കെല്ലാം അര്‍ഹമായ അവകാശം ലഭിക്കുകതന്നെ വേണം. അതേസമയം മറ്റൊരു പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തിന്റേത് കവര്‍ന്നുകൊണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

മുസ് ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങളില്‍ ഒരു കുറവുമുണ്ടാകരുതെന്നാണ് ഞങ്ങളുടെ നയമെന്ന് സി.പി.ഐ കേന്ദ്രകമ്മിറ്റി അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ നിലപാടില്‍ ഇടതുപക്ഷ സര്‍ക്കാര്‍ എത്തിച്ചേരുമെന്നും അതിന്റെ നടപടികളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് അതേ പേരില്‍ തന്നെ നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇങ്ങനെയൊരു പ്രശ്നം വരില്ലായിരുന്നുവെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദീഖ് പറഞ്ഞു. ഒരു സാമുദായിക ധ്രുവീകരണത്തിലേക്ക് വിഷയത്തെ കൊണ്ടുപോകരുത്. സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം സമര്‍പ്പിക്കാതിരുന്നത് ശരിയായില്ല. കോടതിയിലും ഇങ്ങനെയൊരു വിധി വരാതിരിക്കാനുള്ള അവധാനത ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ നീതിപൂര്‍വകമായ തീരുമാനത്തിന്ന് സര്‍ക്കാറിന് എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്നും സിദ്ദീഖ് പറഞ്ഞു.

മുസ് ലിം സ്‌കോളര്‍ഷിപ്പ് 80-20 എന്ന തലത്തിലേക്ക് എങ്ങനെ എത്തിയതെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് മുസ് ലിം ലീഗ് എംഎല്‍എ കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു. മുസ് ലിംകള്‍ക്ക് മാത്രമെന്ന് പറയേണ്ടയിടത്ത് ന്യൂനപക്ഷങ്ങള്‍ എന്ന പ്രയോഗം വന്നതിനുപിന്നിലുള്ള രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടണം. ജനസംഖ്യാനുപാതികമായി എന്ന് പറയുമ്പോള്‍ സ്‌കോളര്‍ഷിപ്പ് മാത്രമല്ലല്ലൊ പരിശോധിക്കപ്പെടേണ്ടത്. കഴിയാവുന്ന മേഖലകളില്‍ ഒരുമിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

അവസാന ഘട്ടത്തില്‍ വന്ന ചില വെള്ളം ചേര്‍ക്കലുകളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. മുസ് ലിം ലീഗ് ഉള്‍കൊള്ളുന്ന യു ഡി എഫ് സര്‍ക്കാറിന് ഇതില്‍ വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്നും അത് മറച്ചുവെക്കാന്‍ കഴിയില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. ഇതൊരു മുസ് ലിം വിഷയം തന്നെയാണെന്നും ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ പരിഹരിക്കാവുന്ന പ്രശ്നമാണിതെന്നും പത്ര പ്രവര്‍ത്തകന്‍ കെ സി സുബിന്‍ പറഞ്ഞു. പക്ഷേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിന്റെ മെറിറ്റിലേക്ക് വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ് ലിം സ്‌കോളര്‍ഷിപ്പിനെ അങ്ങനെ രേഖപ്പെടുത്താതിരുന്നതിന്റെ ഭരണവീഴ്ചയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അദ്ദേഹം പറഞ്ഞു.

കെ.ഒ അഹ്‌മദ്കുട്ടി ബാഖവി അദ്ധ്യക്ഷത വഹിച്ചു. എസ്.ശറഫുദ്ദീന്‍ സ്വാഗതവും സിഎച്ച് നാസര്‍ നന്ദിയും പറഞ്ഞു.

Tags:    

Similar News