ന്യൂഡല്‍ഹി: ലാന്റ്‌ഫോണുകളില്‍ നിന്നും മൊബൈലിലേക്ക് വിളിക്കാന്‍ പൂജ്യം ചേര്‍ക്കാനുള്ള ക്രമീകരണവുമായി ടെലികോം മന്ത്രാലയം. ഇതു പ്രകാരം അടുത്ത ജനുവരി മുതല്‍ രാജ്യത്തെ ലാന്റ്‌ലൈനുകളില്‍നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കാന്‍ 10 അക്ക നമ്പറിനുമുന്നില്‍ പൂജ്യംചേര്‍ക്കണം. ഇതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു.
വര്‍ധിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ലാന്റ് ലൈനുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ആവശ്യത്തിന് നമ്പറുകള്‍ നല്‍കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ 254.4 കോടി പുതിയ പത്തക്കനമ്പറുകള്‍കൂടി തയ്യാറാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കഴിയും.