മൊബൈല്‍ ടവറുകള്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ടെലികോം വകുപ്പ്

റേഡിയോ തരംഗങ്ങളുടെ പരിധിയെപ്പറ്റി രാജ്യാന്തര ഏജന്‍സികള്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ രൂപരേഖ മാനിച്ചാണ് രാജ്യത്തെ മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ടെലികോം വകുപ്പ് കേരള മേഖല സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.പി ടി മാത്യു പറഞ്ഞു

Update: 2020-09-09 10:41 GMT

കൊച്ചി: വാര്‍ത്താ വിനിമയത്തിനു ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന ധാരണ അടിസ്ഥാന രഹിതമാണെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. റേഡിയോ തരംഗങ്ങളുടെ പരിധിയെപ്പറ്റി രാജ്യാന്തര ഏജന്‍സികള്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ രൂപരേഖ മാനിച്ചാണ് രാജ്യത്തെ മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ടെലികോം വകുപ്പ് കേരള മേഖല സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.പി ടി മാത്യു പറഞ്ഞു.

ലഭ്യമായ ശാസ്ത്രീയ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മൊബൈല്‍ ടവറുകളില്‍ നിന്നുള്ള താരതമ്യേന കുറഞ്ഞ റേഡിയേഷന്‍ അപകടകരമല്ല എന്നുറപ്പ് വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ നടത്തിയിട്ടുള്ള നിരന്തര പഠനങ്ങള്‍ക്കൊപ്പം 2014 ല്‍ അലഹബാദ് ഹൈകോടതിയുടെ ലക്നോ ബഞ്ചിന്റെ നിര്‍ദേശപ്രകാരം വിവിധമേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിലും പഠനം നടന്നിട്ടുണ്ട്. മൊബൈല്‍ ടവറുകളുടെ റേഡിയേഷന്‍ പരിധിയില്‍ ഇന്ത്യയില്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ഈ സമിതി പൂര്‍ണമായും അംഗീകരിച്ചു.

വിവിധ മേഖലകളില്‍ രാഷ്ട്രത്തിന്റെ സമൂല വികസനത്തിനും സത്വര വളര്‍ച്ചക്കും അടിസ്ഥാനമൊരുക്കുന്നതില്‍ മൊബൈല്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. ചിലവ് കുറഞ്ഞ ബ്രോഡ്ബാന്‍ഡ് സൗകര്യം ഒരുക്കുവാന്‍ മൊബൈല്‍ സാങ്കേതികത അത്യാവശ്യമാണ് .മൊബൈല്‍ ടവറുകളുടെ റേഡിയേഷന്‍ പരിധി കര്‍ശമായി പാലിക്കുവാന്‍ എല്ലാ സേവനദാതാക്കള്‍ക്കും കേന്ദ്രസര്‍ക്കാരും ടെലികോം വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്കാര്യം കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്.കേരളത്തില്‍ ആകെയുള്ള 89345 മൊബൈല്‍ ടവറുകളില്‍ 44750 എണ്ണത്തിന്റെയും പരിശോധന ഇതിനോടകം ടെലികോം വകുപ്പ് പൂര്‍ത്തിയാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുള്ള റേഡിയേഷന്‍ പരിധി കര്‍ശനമായി പാലിക്കുന്നു എന്നുറപ്പ് വരുത്തിയിട്ടുണ്ടെന്നു ഡോ.പി ടി മാത്യു അറിയിച്ചു . 

Tags:    

Similar News