മുത്തലാഖ് നിരോധന നിയമം ഭരണഘടനാവിരുദ്ധം; മുസ് ലിംകളെ പിശാചുവല്‍ക്കരിക്കുന്നുവെന്നും ഉവൈസി
ഹൈദരാബ്: മുത്തലാഖ് നിരോധന നിയമം മുസ് ലിംസമൂഹത്തെ പൈശാചികവല്‍ക്കരിക്കാനും കുറ്റക്കാരായി അവതരിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. മുത്തലാഖ് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം എന്ന സങ്കല്‍പ്പത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് നിരോധന നിയമം നിയമവുരുദ്ധമാണ്. ഈ നിയമത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി നിലനില്‍ക്കുന്നുണ്ട്. മുസ്ലിംകളെ പൈശാചികവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് ഇത്. മുസ് ലിംസ്ത്രീകളുടെ അവകാശങ്ങള്‍ മാത്രം ആഘോഷിച്ചാല്‍ മതിയോ? ഹിന്ദു, ദലിത്, പിന്നാക്ക യുവതികളുടെ അവകാശങ്ങളും ശാക്തീകരണത്തവും ആവശ്യമില്ലേ- ഉവൈസി ചോദിച്ചു.
മുസ് ലിംസ്ത്രീകളെ ബുഹവിധ ചൂഷണത്തിനു വിധേയമാക്കുന്ന നിയമമാണ് മുത്തലാഖെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അത് മുസ് ലിം സ്ത്രീകളെ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുന്നു. കേസുകളെടുക്കുന്നുവെന്നല്ലാതെ നീതി നടപ്പാകുന്നില്ല. മുസ് ലിംകള്‍ ഇതിനെ അംഗീകരിച്ചിട്ടില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുത്തലാഖ് നിയമംനിലവില്‍ വന്നശേഷം 80 ശതമാനത്തോളം കേസുകള്‍ കുറഞ്ഞിട്ടുണ്ടെന്ന ന്യൂനപക്ഷ മന്ത്രി അബ്ബാസ് നഖ് വിയുടെ പ്രസ്താവന പുറത്തുവന്ന സാഹചര്യത്തിലാണ് ഉവൈസിയുടെ പ്രതികരണം. മുസ് ലിം സ്ത്രീ(വൈവാഹികാവകാശ സംരക്ഷണം)നിയമം നടപ്പാക്കിയതിന്റെ വാര്‍ഷിക ദിനത്തോടനുബന്ധിച്ച പരിപാടിയിലാണ് നഖ് വി ഇതേകുറിച്ച് പറഞ്ഞത്.