ഉവൈസി സഞ്ചരിച്ച വന്ദേ ഭാരത് ട്രെയിന് നേരേ കല്ലേറ്

Update: 2022-11-08 08:16 GMT

സൂറത്ത്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നിടത്ത് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എംപി സഞ്ചരിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന് നേരേ കല്ലേറ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അഹമ്മദാബാദില്‍ നിന്ന് സൂറത്തിലേക്കുള്ള യാത്രക്കിടെയാണ് ട്രെയിനിന്റെ ഗ്ലാസ് ജനാലയ്ക്ക് നേരേ അജ്ഞാതര്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ഗ്ലാസ് ജനാല തകര്‍ന്നു. എന്നാല്‍, ഉവൈസിക്ക് പരിക്കില്ല. ഉവൈസിക്കൊപ്പം പാര്‍ട്ടിയുടെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ സാബിര്‍ കബ്ലിവാലയും മറ്റ് നേതാക്കളും കോച്ചിലുണ്ടായിരുന്നു. സൂറത്ത് റെയില്‍വേ സ്‌റ്റേഷന് 25 കിലോമീറ്റര്‍ അകലെ വച്ചാണ് ആക്രമണമുണ്ടായതെന്ന് പാര്‍ട്ടി നേതാവ് വാരിസ് പത്താന്‍ പറഞ്ഞു.

തകര്‍ന്ന ഗ്ലാസ് ജനാലയുടെയും യാത്രചെയ്യുന്ന ഉവൈസിയുടെയും ചിത്രങ്ങള്‍ പത്താന്‍ ട്വീറ്റ് ചെയ്തു. ഉവൈസി കോച്ചിലുള്ളപ്പോഴാണ് ജനാലക്ക് നേരേ തുടരെ കല്ലേറുണ്ടായത്. നിങ്ങള്‍ക്ക് കല്ലെറിയുകയോ തീമഴ പെയ്യിക്കുകയോ ചെയ്യാം. പക്ഷേ, അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഞങ്ങളുടെ ശബ്ദം ഒരിക്കലും നിലയ്ക്കില്ല. തന്റെ അവകാശവാദം തെളിയിക്കാനാവുന്ന ചിത്രങ്ങള്‍ കൈയിലുണ്ടെന്നും വാരിസ് പത്താന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഉവൈസിക്ക് നേരേ കല്ലേറുണ്ടായെന്ന വാദം തള്ളിയ പോലിസ്, തിങ്കളാഴ്ച നടന്ന സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അറിയിച്ചു.

ബറൂച്ച് ജില്ലയിലെ അങ്കലേശ്വറിന് സമീപമുള്ള ട്രാക്കില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനിടെ ട്രെയിനിന്റെ ചില്ലുകളില്‍ തട്ടിയതായി വെസ്‌റ്റേണ്‍ റെയില്‍വേ പോലിസ് സൂപ്രണ്ട് രാജേഷ് പര്‍മര്‍ പറഞ്ഞു. ഇത് കല്ലെറിഞ്ഞ കേസല്ല. ഉവൈസി ജനാലയില്‍ നിന്ന് മാറി ഇരിക്കുകയായിരുന്നു. പൊട്ടിയ ജനല്‍ മാറ്റി. സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് (ഡിവൈഎസ്പി) തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുറാലിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം സൂറത്തിലേക്ക് പോയത്. ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Tags:    

Similar News