തലശ്ശേരിയില്‍ കൊല്ലപ്പെട്ട സിപിഎമ്മുകാരന്റെ ജാതി ഓര്‍മപ്പെടുത്തി എം വി ജയരാജന്‍; കേരളത്തില്‍ കൊല്ലപ്പെടുന്നവരുടെ ജാതി പറഞ്ഞ സണ്ണി കപിക്കാടിന് സിപിഎം പ്രവര്‍ത്തകരുടെ തെറിവിളി

Update: 2022-02-22 09:15 GMT

കോഴിക്കോട്; കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ ജാതീയമായി താഴ്ന്നവരാണെന്ന പ്രമുഖ എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ സണ്ണി എം കപിക്കാടിന്റെ പ്രസ്താവനക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ സിപിഎം അനുഭാവികളുടെ ആക്രമണം. തലശ്ശേരിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ ജാതി ഓര്‍മപ്പെടുത്തി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ വാര്‍ത്താകുറിപ്പ് പുറത്തുവന്നിട്ടും സിപിഎം അനുഭാവികളുടെ പരിഹാസവും ആക്രമണവും ഈ വാര്‍ത്ത എഴുതുമ്പോഴും തുടരുകയാണ്.

സിപിഎമ്മിന്റെ വക്താക്കളും പാര്‍ട്ടി അനുഭാവികളും തുടങ്ങി എഴുത്തുകാര്‍ വരെയുളളവര്‍ സണ്ണിക്കെതിരേയുളള ആക്രമണത്തില്‍ അണിചേരുന്നുണ്ട്. ചിലരുടേത് തത്ത്വാധിഷ്ഠിതവും മാന്യവുമായ പ്രതികരണങ്ങളാണെങ്കില്‍ മറ്റുചിലത് വംശീയമായ വെറുപ്പ് പ്രതിഫലിക്കുന്നതാണ്. സിപിഎമ്മിനെ അനുകൂലിച്ച് രംഗത്തുവരാറുള്ള ഒരു ഐഡി 'ഹിജഡ' എന്നാണ് സണ്ണി എം കപിക്കാടിനെ പരിഹസിക്കുന്നത്. കപിക്കാടന്‍ ചത്താല്‍ കുഴിച്ചിടുമോ അതോ കത്തിക്കുമോയെന്നാണ് മറ്റൊരാളുടെ ചോദ്യം. മിക്കവാറും പ്രതികരണങ്ങളില്‍ സിപിഎമ്മിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ആരോപിക്കുന്നത്.

കിഴക്കമ്പലത്തും കേരളത്തില്‍ മറ്റിടങ്ങളിലുമായി നടന്ന കൊലപാതങ്ങളുടെ പശ്ചാത്തലത്തില്‍ ആര് കൊന്നാലും ചത്താലും ദലിതനെയാണ് ബാധിക്കുകയെന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ സണ്ണി പറഞ്ഞത്. ഇതിനെതിരേയാണ് സിപിഎം അണികള്‍ വിമര്‍ശനവുമായി രംഗത്തുവന്നത്. കിഴക്കമ്പലത്ത് കൊലക്കുറ്റം സിപിഎമ്മിനു നേരെ നീണ്ടതോടെയാണ് പ്രതികരണം ശക്തമായത്.

തലശ്ശേരിയില്‍  സിപിഎം പ്രവര്‍ത്തകനായ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മരിച്ചയാളുടെ ജാതി പറഞ്ഞാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്തുവന്നത്. ഹരിദാസന്‍ മല്‍സ്യത്തൊഴിലാളിയാണെന്നും ആര്‍എസ്എസ് ലക്ഷ്യമിടുന്ന ഹിന്ദുരാഷ്ട്രത്തില്‍ സവര്‍ണ്ണര്‍ മാത്രമാണുള്ളതെന്നാണ് ജയരാജന്‍ പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചത്:

''ഹരിദാസന്റെ കൊലപാതകം നടന്ന പുന്നോലിന്റെ സമീപപ്രദേശങ്ങളില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ ഇതിന് മുമ്പ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയതാണ് ആ ചരിത്രം. കെ.വി. ബാലന്‍, ടി പവിത്രന്‍, ദാസന്‍, ജിതേഷ്, ലതേഷ് എന്നിവരെയാണ് ഇക്കൂട്ടര്‍ കൊലപ്പെടുത്തിയത്. ഇപ്പോള്‍ ഹരിദാസനും. കൊല്ലപ്പെട്ടവരില്‍ 3 പേര്‍ മത്സ്യത്തൊഴിലാളികളാണ്. ആര്‍എസ്എസ്സ് ലക്ഷ്യമിടുന്ന ഹിന്ദുരാഷ്ട്രത്തില്‍ സവര്‍ണ്ണര്‍ മാത്രമാണുള്ളത്. ദളിതരോ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള പാവങ്ങളോ ഇല്ല. അതുകൊണ്ടാണ് മത്സ്യത്തൊഴിലാളികളോട് പ്രത്യേക വിരോധം''- ജയരാജന്‍ പറയുന്നു. 

ശബരിമല പ്രക്ഷോഭ കാലത്ത് ഇടത് മുന്നണിയുടെ നവോത്ഥാന മതിലുമായി സഹകരിച്ചിരുന്നയാളാണ് സണ്ണി കപിക്കാട്. 

Tags:    

Similar News