സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം, ചുമത്തിയത് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍; കേസില്‍ രണ്ട് പ്രതികള്‍
ആലപ്പുഴ : കാറിനുള്ളില്‍ സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്ര നടത്തി, സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം നല്‍കി. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഓ ആണ് കുറ്റപത്രം നല്‍കിയത്. സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമാണ് കേസില്‍ പ്രതികള്‍. ഇവര്‍ക്കെതിരെ പ്രൊസിക്യൂഷന്‍ നടപടികളും ആരംഭിച്ചു. ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയില്‍ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. സുരക്ഷിതമല്ലാത്ത വാഹനം റോഡില് ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. ഈകുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം. കേസില്‍ പ്രതികള്‍ കോടതിയില്‍ വിചാരണ നേരിടണം.
ആര്‍ടിഓയുടെ ശിക്ഷാനടപടികളെ പരിഹസിച്ച് സഞ്ജു യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കേസെടുത്തതിന് ശേഷം തന്റെ യുട്യൂബ് ചാനലിന് ലോകം മുഴുവന്‍ റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവര്‍ക്കം നന്ദിയുണ്ടെന്നായിരുന്നു വീഡിയോ.തുടര്‍ന്ന് ഹൈക്കോടതിയാണ് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ ആര്‍ടിഓയോട് നിര്‍ദ്ദേശിച്ചത്. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി പോലിസ് കസ്റ്റഡിയിലെക്ക് മാറ്റും. മന്നഞ്ചേരി പോലിസിനാണ് ആര്‍ടിഒ കാര്‍ കൈമാറുന്നത്.