മൈസൂരു കൂട്ടബലാത്സക്കേസ്; അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്ക്
യുവതിയും സുഹൃത്തും ആക്രമണം നേരിട്ട സമയത്ത് ഈ ടവര്‍ ലൊക്കേഷനില്‍ ആക്ടീവ് ആയിരുന്ന ഇരുപത് നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴിതുറന്നത്.
മൈസൂരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്കെന്ന് സൂചന. മൈസൂരിലെ പ്രധാന ടൂറിസം കേന്ദ്രമായ ചാമുണ്ഡി ഹില്‍സില്‍ വച്ച് വിദ്യാര്‍ത്ഥിനിയേയും ആണ്‍സുഹൃത്തിനേയും ആക്രമിക്കുകയും വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സഗം ചെയ്ത് വീഡിയോ പകര്‍ത്തിയ ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിലെ അന്വേഷണമാണ് മലയാളി വിദ്യാര്‍ഥികളിലേക്ക് നീങ്ങുന്നത്.
പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം നല്‍കുമെന്ന് ഇന്ന് കര്‍ണാടക ദക്ഷിണമേഖല ഐജിയും അഭ്യന്തരമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസിലെ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്കെന്ന വിവരം പുറത്തു വരുന്നത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായക വഴിത്തിരിവിലേക്ക് എത്തിയതെന്ന് ദക്ഷിണമേഖല ഐജി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയും സുഹൃത്തും ആക്രമണം നേരിട്ട സമയത്ത് ഈ ടവര്‍ ലൊക്കേഷനില്‍ ആക്ടീവ് ആയിരുന്ന ഇരുപത് നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴിതുറന്നത്. ഇതില്‍ മൂന്ന് നമ്പറുകള്‍ മലയാളി വിദ്യാര്‍ത്ഥികളുടേയും മറ്റൊന്നു ഒരു തമിഴ്‌നാട് സ്വദേശിയുടേതുമാണെന്ന് വ്യക്തമായി.
സംഭവസ്ഥലം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ നാല് സിമ്മുകള്‍ വൈകിട്ട് ആറര മുതല്‍ എട്ടര വരെ ചാമുണ്ഡി മലയടിവാരത്തിലും പിന്നീട് മൈസൂരു സര്‍വകലാശാല പരിസരത്തും ഈ സിമ്മുകള്‍ ആക്ടീവായിരുന്നു എന്നാണ് വിവരം. മൈസൂരു സര്‍വ്വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ തേടി പൊലീസ് ക്യാംപസിലെത്തി. എന്നാല്‍ തലേ ദിവസം നടന്ന പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ എത്തിയില്ല എന്നാണ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. പിറ്റേ ദിവസത്തെ പരീക്ഷ എഴുത്താതെ വിദ്യാര്‍ത്ഥികള്‍ പോയതാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. സംഭവം നടന്ന അതേ ദിവസം രാത്രി ഇവര്‍ ഹോസ്റ്റല്‍ വിട്ടുവെന്നാണ് സൂചന. പ്രതികളെ കണ്ടെത്താന്‍ മൈസൂരു പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തി. ചാമുണ്ഡി ഹില്‍സില്‍ വച്ച് പെണ്‍കുട്ടിയേയും സുഹൃത്തിനേയും തടഞ്ഞ അക്രമികള്‍ ആണ്‍സുഹൃത്തിന്റെ തലയില്‍ കല്ല് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം പണം ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടി ഇതിന് തയ്യാറാവതെ വന്നപ്പോള്‍ വീണ്ടും ആക്രമിക്കുകയും പിന്നീട് ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ വന്യമൃഗങ്ങള്‍ ഇറങ്ങുന്ന മലയടിവാരത്തില്‍ ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു എന്നാണ് മൊഴിയില്‍ പറയുന്നത്.