ലബ്‌നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍

ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ അധിനിവേശം താല്‍ക്കാലികമായി നിര്‍ത്തിയെന്നാണ് പ്രഖ്യാപനം

Update: 2024-11-26 18:48 GMT

തെല്‍അവീവ്: ലബ്‌നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍. സുരക്ഷാ കാബിനറ്റിന്റെ ചര്‍ച്ചക്ക് ശേഷം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ അധിനിവേശം താല്‍ക്കാലികമായി നിര്‍ത്തിയെന്നാണ് പ്രഖ്യാപനം. ലബ്‌നാന്‍ സര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ പ്രാദേശിക സമയം ബുധനാഴ്ച്ച രാവിലെ പത്ത് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും.

വെടിനിര്‍ത്താന്‍ മൂന്നു കാരണങ്ങളുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇറാനെ കാര്യമായി നോക്കേണ്ടതുണ്ട് എന്നതാണ് ഒന്നാമത്തെ കാരണം. ആയുധ ശേഷി കൂട്ടാനും സൈന്യത്തിന് വിശ്രമം നല്‍കാനും സമയം വേണമെന്നതാണ് രണ്ടാമത്തെ കാരണം. ഹമാസിനെ കൂടുതല്‍ ഒറ്റപ്പെടുത്തേണ്ടതുണ്ട് എന്നതാണ് മൂന്നാമത്തെ കാരണം.വെടിനിര്‍ത്തല്‍ കരാറിന് ഗസയില്‍ ഹമാസ് ബന്ദിയാക്കിയവരുമായോ ഗസയിലെ പോരാട്ടവുമായോ ബന്ധമില്ലെന്ന് ലബ്‌നാന്‍ അധികൃതര്‍ അറിയിച്ചു.

വിജയം ഇസ്രായേലിനുള്ളതാണെന്നും വിജയം കൈവരിക്കുമെന്നും പ്രഖ്യാപനത്തിന് ശേഷം നെതന്യാഹു പറഞ്ഞു. ''ഹമാസിനെ നാം പൂര്‍ണ്ണമായും ഇല്ലാതാക്കും. ഗസ, ഇസ്രായേലിന് ഒരു ഭീഷണിയായി തുടരില്ലെന്ന് നാം ഉറപ്പാക്കും. കൂടാതെ വടക്കന്‍ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതരായി വീടുകളിലേക്ക് തിരികെ കൊണ്ടുപോവും. പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും പൂര്‍ത്തിയാക്കാതെ യുദ്ധം അവസാനിക്കില്ല. തെക്കന്‍ ഭാഗത്ത് സ്ഥിതി ശാന്തമാക്കിയതു പോലെ വടക്കന്‍ മേഖലയിലും ശാന്തി കൊണ്ടുവരും.''-നെതന്യാഹു പറഞ്ഞു.


Full View

'ഹിസ്ബുല്ല നമ്മെ ആക്രമിച്ചു. അതിനാല്‍ നസറുല്ലയെ ഇല്ലാതാക്കി. അവരുടെ മുതിര്‍ന്ന നേതാക്കളെയും ആയിരക്കണക്കിന് പ്രവര്‍ത്തകരെയും ഇല്ലാതാക്കി. റോക്കറ്റുണ്ടാക്കാനുള്ള അവരുടെ ശേഷി ഇല്ലാതാക്കി. ഇതെല്ലാം സയന്‍സ് ഫിക്ഷന്‍ കഥ പോലെ തോന്നിയേക്കാം. എന്നാല്‍, സത്യമാണ്.''-നെതന്യാഹു പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടാല്‍ അതിന് ഉചിതമായ രീതിയില്‍ പ്രതികരിക്കും. എല്ലാവരും ഒരുമിച്ച് വിജയത്തിനായി പോരാടണം. യുഎസുമായി സഹകരിച്ചാണ് ഇസ്രായേല്‍ സൈനിക നടപടികള്‍ സ്വീകരിച്ചത്. ഹിസ്ബുല്ല കരാര്‍ ലംഘിച്ചാല്‍ ഇനിയും അവരെ നേരിടും.

വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ 2006ലെ ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയുടെ 1701ാം നമ്പര്‍ പ്രമേയവുമായി ബന്ധപ്പെട്ടതാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

1701ാം നമ്പര്‍ പ്രമേയം



1982ല്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങളെ നേരിടാന്‍ ഇസ്രായേല്‍ ലബ്‌നാനില്‍ അധിനിവേശം നടത്തി. അതിന് ശേഷം ഇസ്രായേലി സൈന്യം തെക്കന്‍ ലബ്‌നാനില്‍ തുടര്‍ന്നു. 2000ല്‍ ഹിസ്ബുല്ല ഇസ്രായേലി സൈന്യത്തെ ലബ്‌നാനില്‍ നിന്ന് പുറംതള്ളി. 2000ല്‍ ഐക്യരാഷ്ട്രസഭ ബ്ലൂലൈന്‍ രൂപീകരിച്ചു. ഇതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയെന്ന് പറയാം. എന്നാല്‍, ഇസ്രായേല്‍ പൂര്‍ണമായും അതിര്‍ത്തിവിട്ടിട്ടില്ലെന്ന് ലബ്‌നാന്‍ ചൂണ്ടിക്കാട്ടുന്നു. 1967 മുതല്‍ 39 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഷെബാ ഫാം പ്രദേശം

ഇസ്രായേല്‍ കൈയടക്കി വച്ചിരിക്കുകയാണ്. ഈ പ്രദേശം തങ്ങള്‍ സിറിയയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളുടെ ഭാഗമാണെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാല്‍, ഗോലാന്‍ കുന്നുകള്‍ സിറിയയുടേതാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്.

ഇസ്രായേലി ജയിലുകളില്‍ അടച്ച ലബ്‌നാനികളെ മോചിപ്പിക്കണമെന്ന ഹിസ്ബുല്ലയുടെ ആവശ്യം തള്ളിയ ഇസ്രായേലിന്റെ നടപടിയാണ് 2006ലെ യുദ്ധത്തിന് കാരണമായത്. തടവുകാരെ വിട്ടുനല്‍കില്ലെന്ന നിലപാടിനോട് ഇസ്രായേല്‍ അതിര്‍ത്തിയില്‍ മൂന്നു സൈനികരെ കൊന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തുമാണ് ഹിസ്ബുല്ല പ്രതികരിച്ചത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് 34 ദിവസം നീണ്ട യുദ്ധം അവസാനിച്ചത്. 2006 ആഗസ്റ്റ് പതിനൊന്നിനാണ് വെടിനിര്‍ത്തലുണ്ടായത്.

ഇസ്രായേല്‍-ലബ്‌നാന്‍ അതിര്‍ത്തിയില്‍ ഒരു ബഫര്‍ സോണ്‍ രൂപീകരിക്കണമെന്നാണ് പ്രമേയം പറയുന്നത്. ഈ പ്രദേശത്ത് 15,000ത്തോളം യുഎന്‍ സൈന്യത്തെ വിന്യസിക്കുകയും വേണം. ലബ്‌നാനില്‍ നിന്ന് ഇസ്രായേലി സൈന്യം പിന്‍മാറിയെന്നും ഹിസ്ബുല്ലയുമായി സംഘര്‍ഷമില്ലെന്ന് ഉറപ്പാക്കാനും വേണ്ടിയാണ് ഈ സൈന്യത്തെ വിന്യസിക്കുന്നത്. പ്രമേയത്തിലെ പ്രധാന വ്യവസ്ഥകള്‍ താഴെക്കൊടുക്കുന്നു.


1) ലബ്‌നാനിലെ എല്ലാ സായുധ വിഭാഗങ്ങളെയും നിരായുധീകരിക്കണം.

2) ലബ്‌നാനിന് അകത്ത് സര്‍ക്കാരിന് മാത്രമായിരിക്കണം സായുധ അധികാരം.

3) സര്‍ക്കാരിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തിന്റെ സൈന്യവും ലബ്‌നാനില്‍ പ്രവര്‍ത്തിക്കരുത്.

4) ലബ്‌നാന്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു രാജ്യവും ലബ്‌നാനിലേക്ക് ആയുധം കടത്തരുത്.

5) ബ്ലൂലൈനിനും ലിതാനി നദിക്കും ഇടയില്‍ ഐക്യരാഷ്ട്രസഭാ സേനയും ലബ്‌നാന്‍ സൈന്യവും മാത്രമേ പ്രവര്‍ത്തിക്കാവൂ.

എന്താണ് ബ്ലൂ ലൈന്‍ ?


ലബ്‌നാന്റെ തെക്കന്‍ അതിര്‍ത്തിക്കും ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിക്കും ഇടയിലുള്ള 120 കിലോമീറ്റര്‍ പ്രദേശമാണ് ബ്ലൂലൈന്‍ എന്ന് അറിയപ്പെടുന്നത്. ഇവിടെ നിര്‍മാണമോ മറ്റോ ആവശ്യമുണ്ടെങ്കില്‍ ഐക്യരാഷ്ട്രസഭാ സേനയുടെ അനുമതി വേണം. ഇത് ലംഘിച്ചാല്‍ നടപടി സ്വീകരിക്കാം.

തടവുകാരുടെ മോചനം

2008ല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹിസ്ബുല്ലയും നടത്തിയ ചര്‍ച്ചയില്‍ തടവുകാരെ മോചിപ്പിക്കാന്‍ ധാരണയായി. അഞ്ച് തടവുകാര്‍ക്ക് പകരം രണ്ടു തടവുകാരെ ഹിസ്ബുല്ല വിട്ടുനല്‍കി. പിന്നീട് 200 അറബികളുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇസ്രായേലും ഹിസ്ബുല്ലക്ക് വിട്ടു നല്‍കുകയുണ്ടായി.

Tags:    

Similar News