ബെയ്‌റൂത്ത്: ലെബനാന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ക്രൂരമായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി. ഇതില്‍ 50 കുട്ടികളുണ്ട്. 1,835 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇസ്രായേല്‍ ഗസ മുനമ്പിലും ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കുറഞ്ഞത് 12 ഫലസ്തീനികളെ കൊലപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, ലോക നേതാക്കളും ഐക്യരാഷ്ട്രസഭയും രംഗത്തെത്തി.
ആക്രമണത്തിന്റെ അടിയന്തര തീവ്രത കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, ലെബനനിലെ ഹിസ്ബുല്ല ഇസ്രായേല്‍ വ്യോമതാവളങ്ങള്‍ക്കു നേരെ മിസൈല്‍ വര്‍ഷിച്ചു. ഗസ യുദ്ധത്തിനിടയിലുള്ള ഇസ്രായേലിന്റെ ലെബനാന്‍ ആക്രമണം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിവിധ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ലെബനാനില്‍ ഉടലെടുത്ത സംഘര്‍ഷ സാഹചര്യം കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. വലിയ രീതിയില്‍ സാധാരണ പൗരന്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ ആശങ്കയുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് യു എന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക്ക് പറഞ്ഞു.
പശ്ചിമേഷ്യയില്‍ അസ്ഥിരതയുണ്ടാവാന്‍ കാരണക്കാരാവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും സമാധാനത്തില്‍ മുന്നോട്ട് പോവണമെന്നും ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാന്‍ പറഞ്ഞു. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എല്ലാ സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നത് ഇസ്രായേലാണ്. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ അന്താരാഷ്ട്ര സമൂഹം മൗനം പുലര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണവും തിരിച്ചടിയും മിഡില്‍ ഈസ്റ്റ് മുഴുവന്‍ സംഘര്‍ഷത്തിന്റേതായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജി7 രാജ്യങ്ങളായ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് തുടങ്ങിയവര്‍ വ്യക്തമാക്കി.
ഇസ്രായേലിനും ലെബനാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷം കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറാവണമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് മേഖലയെ കൂടുതല്‍ വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ടെന്ന് ഫ്രാന്‍സ് വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബാരറ്റ് പറഞ്ഞു. ഇതിന് ഉടന്‍ അറുതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ ആക്രമണം തടയാന്‍ എത്രയും പെട്ടെന്ന് യുഎന്‍ സുരക്ഷാസമിതി ഇടപെടണമെന്ന് ജോര്‍ദാനും ലെബനാന് പിന്തുണയറിയിക്കുകയാണെന്നു് ഈജിപ്ത് വിദേശകാര്യമന്ത്രാലയവും അറിയിച്ചു. ഭീഷണികള്‍ മേഖലയെ ആകെ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ടെന്നും ഈജിപ്ത് അറിയിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.