മൊസാദ് ആസ്ഥാനത്തേക്ക് ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; തടഞ്ഞെന്ന് ഇസ്രായേല്‍
തെല്‍ അവീവ്: ലെബനാനു നേരെയുള്ള ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ കനത്ത തിരിച്ചടി നല്‍കി ഹിസ്ബുല്ല. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ തെല്‍ അവീവിനടുത്തുള്ള ആസ്ഥാനത്തേക്ക് റോക്കറ്റ് ആക്രമണം നടത്തി. പേജര്‍-വാക്കി ടോക്കി ആക്രമണങ്ങള്‍ക്കും കമ്മാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവരെ കൂട്ടക്കൊല നടത്തിയതിനും പിന്നാലെയാണ് ഹിസ്ബുല്ലയുടെ പ്രത്യാക്രമണം. എന്നാല്‍, സാധാരണക്കാരെ ഒഴിവാക്കി ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളെയാണ് ഹിസ്ബുല്ല ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തെല്‍ അവീവിനടുത്തുള്ള മൊസാദ് ചാര ഏജന്‍സി ആസ്ഥാനം ലക്ഷ്യമിട്ട് ബുധനാഴ്ചയാണ് ഹിസ്ബുല്ലയുടെ ആക്രമണമുണ്ടായത്. നേതാക്കളെ കൊലപ്പെടുത്തിയതിനും അംഗങ്ങള്‍ ഉപയോഗിച്ച ആശയവിനിമയ ഉപകരണങ്ങളില്‍ സ്‌ഫോടനം നടത്തിയതിനുമുള്ള തിരിച്ചടിയാണെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു.
ഇതോടെ, ഇസ്രായേലും ലെബനനും തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമായി. ഈലാത്ത്, ഗൊലാന്‍ കുന്നുകളിലും ഹിസ്ബുല്ല പോരാളികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചതായാണ് റിപോര്‍ട്ട്. ഖാദര്‍ 1 ബാലിസ്റ്റിക് മിസൈലാണ് തൊടുത്തുവിട്ടതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ലെബനനില്‍ നിന്ന് ആദ്യമായാണ് ഒരു പ്രൊജക്‌റ്റൈല്‍ മധ്യ ഇസ്രായേലിലെത്തുന്നതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. കഴിഞ്ഞ മാസം തെല്‍ അവീവിനു സമീപമുള്ള ഒരു രഹസ്യാന്വേഷണ കേന്ദ്രത്തെ വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടതായി ഹിസ്ബുല്ല അവകാശപ്പെട്ടിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. തെല്‍ അവീവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആക്രമണം തടഞ്ഞെന്നും ആളപായമില്ലെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. സാമ്പത്തിക തലസ്ഥാനമായ തെല്‍ അവീവില്‍ കൂട്ട സൈറണുകള്‍ മുഴങ്ങിയിട്ടുണ്ട്. നെതന്യ നഗരം ഉള്‍പ്പെടെ മധ്യ ഇസ്രായേലിലെ മറ്റ് പ്രദേശങ്ങളിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ഇതേസമയം തന്നെ സിറിയയില്‍ നിന്നെത്തിയ ഡ്രോണ്‍ ഗലീലി കടലിന് തെക്ക് ഫൈറ്റര്‍ ജെറ്റുകള്‍ തടഞ്ഞതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ചൊവ്വാഴ്ച ബെയ്റൂത്തില്‍ നടത്തിയ ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ മിസൈല്‍, റോക്കറ്റ് സേനയുടെ മുതിര്‍ന്ന തലവനായ കമാന്‍ഡര്‍ ഇബ്രാഹീം ഖുബൈസി കൊല്ലപ്പെട്ടിരുന്നു. ഗസ യുദ്ധത്തിന് സമാന്തരമായി ഏകദേശം ഒരു വര്‍ഷം മുമ്പ് ഇസ്രായേലും ഹിസ്ബുല്ലയും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട കൊല്ലപ്പെടുന്ന നിരവധി പ്രധാന വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. തിങ്കളാഴ്ച രാവിലെ മുതല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 50 കുട്ടികള്‍ ഉള്‍പ്പെടെ 569 പേര്‍ കൊല്ലപ്പെടുകയും 1,835 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് അല്‍ ജസീറ മുബാഷര്‍ ടിവിയോട് പറഞ്ഞു. സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. ഫ്രാന്‍സിന്റെ അഭ്യര്‍ഥന മാനിച്ചാണ് അടിയന്തര യോഗം ചേരുന്നത്. ലെബനനെ മറ്റൊരു ഗസയായി മാറ്റാന്‍ കഴിയില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ലെബനനില്‍ അരലക്ഷം പേര്‍ പലായനം ചെയ്തതായി ലെബനന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബ് പറഞ്ഞു. രണ്ട് ദിവസങ്ങളില്‍ ലെബനന്‍ പ്രധാനമന്ത്രി യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ ലെബനനില്‍ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ആളുകള്‍ സ്‌കൂളുകളിലും മറ്റ് കെട്ടിടങ്ങളിലും അഭയം പ്രാപിച്ചിരിക്കുകയാണ്.
ഗസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാവുന്നത് വരെ റോക്കറ്റ് ആക്രമണം തുടരുമെന്ന് ഹിസ്ബുല്ല പറഞ്ഞു. ഇതിനിടെ, ഗസയില്‍ നിന്ന് ആയിരക്കണക്കിന് സൈനികരെ ഇസ്രായേല്‍ വടക്കന്‍ അതിര്‍ത്തിയിലേക്ക് മാറ്റി. ഹിസ്ബുല്ലയുടെ പക്കല്‍ ഏകദേശം ഒന്നര ലക്ഷം റോക്കറ്റുകളും മിസൈലുകളും ഉണ്ടെന്നാണ് നിഗമനം. ഇവയില്‍ ചിലത് ഇസ്രായേലില്‍ എവിടെയും ആക്രമിക്കാന്‍ ശേഷിയുള്ളവയാണ്. കഴിഞ്ഞ ഒക്ടോബറിനുശേഷം 9,000 റോക്കറ്റുകളും ഡ്രോണുകളും പ്രയോഗിച്ചതായും റിപോര്‍ട്ടുകളുണ്ട്. ഞായറാഴ്ച ഹിസ്ബുല്ല 150 റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും വടക്കന്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടിരുന്നു.