അനുയോജ്യമായ സമയത്ത് തന്നെ മറുപടി നല്‍കും; ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ പ്രതികരണവുമായി ഇറാന്‍

ഇസ്രായേലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് അനുയോജ്യമായ സമയത്ത് തന്നെ മറുപടി നല്‍കുമെന്ന് ഇറാന്‍ സ്ട്രാറ്റജിക് അഫയേഴ്സ് ഡെപ്യൂട്ടി പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ്

Update: 2024-09-30 05:19 GMT

തെഹ്റാന്‍: ഇസ്രായേലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് അനുയോജ്യമായ സമയത്ത് തന്നെ മറുപടി നല്‍കുമെന്ന് ഇറാന്‍ സ്ട്രാറ്റജിക് അഫയേഴ്സ് ഡെപ്യൂട്ടി പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ്. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയുടെ അനുസ്മരണ ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ലബനാന് പിന്തുണയുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗര്‍ ഗാലിബാനും രംഗത്ത് എത്തി. ''ലബനന്‍ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ദിനം തോറും കൂടുകയാണ്. ലബനന്‍ ജനതക്കൊപ്പം ഇറാന്‍ ഉണ്ടാകും'' ഇറാന്‍ സ്പീക്കര്‍ വ്യക്തമാക്കി. ലബനാന്‍ സ്പീക്കര്‍ നബിഹ് ബെറിയെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്

ഇതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി മുഹമ്മദ് ബഗര്‍ ഗാലിബാന്‍ രംഗത്ത് എത്തി. ഈ കുറ്റകൃത്യങ്ങളിലെല്ലാം യുഎസ് പങ്കാളിത്തം ഉണ്ടെന്നും അധികം വൈകാതെ തിരിച്ചടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി . ഇസ്രായേലിനെതിരായ പോരാട്ടം തുടരുമെന്ന് ലബനാന്‍ സ്പീക്കര്‍ ബെറിയും അറിയിച്ചു.

ബെയ്റൂത്തില്‍ വെച്ച് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സ്(ഐആര്‍ജിസി) ഡെപ്യൂട്ടി കമാന്‍ഡറെ ഇസ്രായേല്‍ കൊലപ്പെടുത്തിയത് ഏറ്റവും വലിയ കുറ്റകൃത്യമാണെന്നും ഇതിനൊക്കെ മറുപടി ലഭിക്കാതെ കടന്നു പോകില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാക്കിയും പറഞ്ഞു.സെപ്തംബര്‍ 23 മുതലാണ് ലബനാന്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ വ്യാപക ആക്രമണത്തിന് മുതിര്‍ന്നത്. പേജര്‍-വോക്കി ടോക്കി സ്ഫോടനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 2500ലധികം പേര്‍ക്കാണ് പരിക്കേറ്റത്.




Tags:    

Similar News