കൊവിഡ് 19 നിയന്ത്രിക്കുന്നതില്‍ പരാജയം: മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് ബിജെപി
മുംബൈ: കൊവിഡ് വ്യാപനം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ മഹാരാഷ്ട്രയില്‍ കൊവിഡിനെ തന്നെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. കൊവിഡ് 19 നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ശിവസേന നേതൃത്വം നല്‍കുന്ന ഉദ്ദവ് താക്കറെ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നാരായണ്‍ റാണെ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയെ കണ്ടു.
നിലവിലുള്ള സംവിധാനം പരാജയപ്പെട്ട സാഹചര്യത്തില്‍ എല്ലാ ആശുപത്രികളും സൈന്യം ഏറ്റെടുക്കണമെന്ന് റാണെ ആവശ്യപ്പെട്ടു.
''മഹാരാഷ്ട്ര സര്‍ക്കാര്‍ കൊവിഡ് പകര്‍ച്ചവ്യാധിയെ തടയുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. രാഷ്ട്രപതി ഭരണം കൊണ്ടുവരണം. സംസ്ഥാന സ്ഥിതിഗതികള്‍ ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്. കൊറോണ പ്രതിസന്ധിയെ പിടിച്ചുകെട്ടുന്നതില്‍ സര്‍ക്കാര്‍ ദയനീയ പരാജയമാണ്''-റാണെ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കൊറോണ കേസുകള്‍ ഉയരുകയാണ്. ആശുപത്രികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. എല്ലാ മുനിസിപ്പല്‍ കോര്‍പറേഷനുകളും ആശുപത്രികളും സൈന്യം ഏറ്റെടുക്കണമെന്ന് ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്-റാണെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഇതുവരെ 50,231 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 14,600 പേര്‍ ആശുപത്രി വിട്ടു. സര്‍ക്കാരിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല- രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം അങ്ങനെയാണ് റാണെ അവതരിപ്പിച്ചത്.
കഴിഞ്ഞ ദിവസം ശരത് പവാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു. പവാറിന്റെ ഉദ്ദേശമെന്താണെന്ന് അറിയില്ലെന്ന് റാണെ പറഞ്ഞു.
ഗവര്‍ണറുമായുള്ള യോഗത്തില്‍ പവാറിനൊപ്പം എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലുമുണ്ടായിരുന്നു. ലോക്ക് ഡൗണിനു ശേഷം ആദ്യമായാണ് പവാര്‍ ഗവര്‍ണറെ കാണുന്നത്. അതൊരു സൗഹൃദ സന്ദര്‍ശനമാണെന്നാണ് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചത്.