ഗവര്‍ണറുടെ ഡറാഡൂണ്‍ യാത്ര വ്യക്തിപരം; മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിമാനം അനുവദിക്കാത്തതിനെ ന്യായീകരിച്ച് ശിവസേന

Update: 2021-02-13 05:56 GMT

മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിക്ക് സര്‍ക്കാര്‍ വിമാനം അനുവദിക്കാതിരുന്ന നടപടിയെ ന്യായീകരിച്ച് ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് ഗവര്‍ണര്‍ക്ക് ഡറാഡൂണ്‍ യാത്രയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിമാനം നിഷേധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ചത്. പ്രശ്‌നത്തെ രാഷ്ട്രീയവിവാദമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമമെന്നും ശിവസേന കുറ്റപ്പെടുത്തി.

''ഡറാഡൂണിലേക്കുള്ള യാത്രക്ക് തൊട്ടു തലേദിവസമാണ് വിമാനം വിട്ടുകൊടുക്കാനാവില്ലെന്ന വിവരം ഗവര്‍ണറുടെ ഓഫിസില്‍ അറിയിച്ചത്. സന്ദര്‍ശനം സ്വകാര്യമായതിനാലാണ് അതെന്നും അറിയിച്ചു. എന്നിട്ടും അദ്ദേഹം മുംബൈ വിമാനത്താവളത്തിലേക്ക് വിമാനം കയറാന്‍ പോയത് ധാര്‍ഷ്ട്യമാണ്''- എഡിറ്റോറിയലില്‍ പറയുന്നു.

വ്യാഴാഴ്ചയാണ് കോഷ്യാരി ഡറാഡൂണിലേക്കുള്ള യാത്ര തീരുമാനിച്ചിരുന്നത്. മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ വിമാനം ലഭ്യമല്ലാത്തതിനാല്‍ മറ്റൊരു വിമാനം ബുക്ക് ചെയ്ത് ഡറാഡൂണിലേക്ക് പോവുകയായിരുന്നു. ഗവര്‍ണര്‍ തന്റെ പദവിയുടെ അന്തസ്സും ബഹുമാനവും കാത്തുസൂക്ഷിക്കണമെന്നും എഡിറ്റോറിയല്‍ ഗവര്‍ണറെ ഉപദേശിക്കുന്നുണ്ട്.

ഗവര്‍ണര്‍ ബിജെപിയുടെ പാവയായി മാറിയെന്നും അത് രാഷ്ട്രത്തിന് അപമാനകരമാണെും കുറ്റപ്പെടുത്തുന്ന എഡിറ്റോറിയല്‍ ഗവര്‍ണര്‍ ബിജെപിക്കുവേണ്ടി ചെയ്ത കാര്യങ്ങളെ എണ്ണിപ്പറയുന്നുമുണ്ട്.

ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്കുള്ള അംഗങ്ങളുടെ പേര് അറിയിച്ചിട്ടും ഗവര്‍ണര്‍ ഫയല്‍ തടഞ്ഞുവച്ചത് ബിജെപിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.

Tags:    

Similar News