അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകനുമൊത്ത് സെല്‍ഫിയെടുത്തയാള്‍ തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ
മുംബൈ: മയക്കുമരുന്ന കേസില്‍ ആഢംബര കപ്പലില്‍ നിന്ന് അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകനൊപ്പം സെല്‍ഫിയെടുത്തയാള്‍ തങ്ങളുടെ ഏജന്‍സിയിലെ ഉദ്യോഗസ്ഥനല്ലെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. അറസ്റ്റിനുശേഷം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനോടൊപ്പമെടുത്ത സെല്‍ഫി സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
'ആര്യന്‍ ഖാനോടൊപ്പം സെല്‍ഫിയെടുത്തയാള്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥനല്ല'- ഏജന്‍സിയുടെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന ആഢംബര കപ്പലായ കോര്‍ഡേലിയ ക്രൂയിസ് കപ്പലില്‍ സഞ്ചരിക്കുന്നതിനിടയില്‍ നടുക്കടലില്‍ വച്ചാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്.
ആഢംബര കപ്പലില്‍ നിയമവിരുദ്ധമായ ലഹരി ഉപയോഗിച്ചുവെന്നതാണ് ആരോപണം.
ആര്യന്‍ ഖാനു പുറമെ അര്‍ബാസ് വ്യാപാരി, മുന്‍മുന്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ചോക്കര്‍, ഗോമിത് ചോപ്ര എന്നിവരാണ് അറസ്റ്റിലായത്.
ആര്യന്‍ ഖാനെയും അര്‍ബാസ് സെത് മര്‍ച്ചന്റിനെയും മുന്‍മുന്‍ ധംചേനയെയും എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.