ഗുജറാത്ത് വംശഹത്യയിലെ കുറ്റവാളി നരേന്ദ്ര മോദി ഗോബാക്ക്: പ്രതിഷേധവുമായി ബംഗ്ലാദേശിലെ വിദ്യാര്‍ഥികള്‍
മോദിയുടെ ധാക്ക സന്ദര്‍ശനം തടയുമെന്ന് ഛാത്ര യൂണിയന്‍ ധാക്ക യൂണിവേഴ്‌സിറ്റി സെക്രട്ടറി രാഗിബ് നയീം പറഞ്ഞു
ധാക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി സംഘടനകള്‍. ബംഗ്ലാദേശിന്റെ 50ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 26, 27 തിയ്യതികളിലാണ് മോദിയുടെ സന്ദര്‍ശനം. നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ ചെറുക്കണമെന്ന് ആവശ്യപ്പെട്ട് ധാക്കയില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. വംശഹത്യയിലെ കുറ്റവാളിയെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി 2002ല്‍ ഗുജറാത്തില്‍ മനുഷ്യരാശിക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്നും ഇന്ത്യയിലെ ന്യൂനപക്ഷ മുസ്‌ലിംകള്‍ക്കെതിരെ തുടര്‍ച്ചയായ അടിച്ചമര്‍ത്തലുകള്‍ നടത്തുകയാണെന്നും പ്രകടനക്കാര്‍ ആരോപിച്ചു.
മോദിയുടെ ധാക്ക സന്ദര്‍ശനം തടയുമെന്ന് ഛാത്ര യൂണിയന്‍ ധാക്ക യൂണിവേഴ്‌സിറ്റി സെക്രട്ടറി രാഗിബ് നയീം പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധം ശക്തമാകുമെന്ന് ബിപ്ലോബി ഛാത്രാ മൈത്രി സെക്രട്ടറി ജനറല്‍ ദിലീപ് റോയിയും അറിയിച്ചു. മോദിയെ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി പരിപാടിയിലേക്ക് ക്ഷണിച്ചത് രാജ്യത്തോടുള്ള വഞ്ചനയാണെന്ന് സമാജന്ത്രിക് ഛത്ര ഫ്രണ്ട് പ്രസിഡന്റ് അല്‍ ഖാദേരി ജോയ് ആരോപിച്ചു.