ആര്‍എസ്എസിന്റെ പോഷക സംഘടനയായി ദേശീയ ബാലാവകാശ കമ്മീഷന്‍ മാറിയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ പോഷക സംഘടനയായി ദേശീയ ബാലാവകാശ കമ്മീഷന്‍ മാറിയെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
ദേശീയ ബാലാവകാശ കമ്മീഷനെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ജയ്‌റാം രമേഷ്, മന്‍മോഹന്‍ സിങ് സര്‍ക്കാരാണ് ബാലാവകാശ കമ്മീഷന്‍ ആരംഭിച്ചതെന്നും ഇപ്പോഴത് ആര്‍എസ്എസിന്റെ പോഷക സംഘടനയായി മാറിയെന്നും ഭാരത് ജോഡോ യാത്രയുടെ പാളം തെറ്റിക്കാനുള്ള ദയനീയമായ പരിശ്രമമാണ് ദേശീയ ബാലാവകാശ കമ്മീഷന്റേതെന്നും ട്വീറ്റ് ചെയ്തു.
പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും ഉപയോഗിക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.ഭാരത് ജോഡോ യാത്രയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നെന്നും ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും ജവഹര്‍ ബാല്‍ മഞ്ചാണ് ഇതിന് പിറകിലെന്നും ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മിഷന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.വിഷയത്തില്‍ അന്വേഷണവും നടപടിയും വേണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ പറയുന്നു.