നാഷണല്‍ ഹെറാള്‍ഡ് കേസ്;സോണിയ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും
ഇഡി നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പാര്‍ലമെന്റിലും വിഷയം അവതരിപ്പിക്കും
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുിടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇത് മൂന്നാം ദിവസമാണ് സോണിയയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ഇഡി നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പാര്‍ലമെന്റിലും വിഷയം അവതരിപ്പിക്കും.
ഇന്നലെ ആറ് മണിക്കൂറോളം സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു.സോണിയാ ഗാന്ധിയോട് ഇതുവരെ 55 ചോദ്യങ്ങളാണ് ചോദിച്ചതെന്നാണ് റിപോര്‍ട്ട്.നാഷണല്‍ ഹെറാള്‍ഡ് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോട് ചോദിച്ച അതേ ചോദ്യങ്ങളാണ് സോണിയയോട് ചോദിച്ചതെന്നും വിവരമുണ്ടായിരുന്നു.നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും വിളിപ്പിച്ചതെന്നാണ് സൂചന. ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടിരുന്നു.
ഇഡി നടപടിക്കെതിരെ ഇന്നലെ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള എംപിമാരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിഷയം പാര്‍ലമെന്റിലും ഉന്നയിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കും. ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റിലും പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.