നാഷനല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് രാത്രിയും തുടരുന്നു

Update: 2022-06-21 18:25 GMT

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് രാത്രിയും തുടരുന്നു. ചോദ്യം ചെയ്യല്‍ 12 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ചോദ്യംചെയ്യലിനിടെ അരമണിക്കൂര്‍ രാഹുലിന് വീട്ടില്‍ പോവാനുള്ള അനുമതി ലഭിച്ചിരുന്നു. തിരിച്ചെത്തിയതിന് ശേഷം ചോദ്യം ചെയ്യല്‍ വീണ്ടും ആരംഭിച്ചു. രാത്രിയിലും ചോദ്യം ചെയ്യല്‍ തുടരും.

ഇന്നലെ 13 മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. അഞ്ച് ദിവസത്തിനിടെ 50 മണിക്കൂറിലധികം ചോദ്യം ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാഹുല്‍ ഗാന്ധിയെ 30 മണിക്കൂറിലേറെയായിരുന്നു ചോദ്യം ചെയ്തത്. പിന്നീട് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് അവധി വേണമെന്ന് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെ ചികില്‍സയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇളവിന് അഭ്യര്‍ഥിച്ചത്. ഇതെത്തുടര്‍ന്ന് ഇഡി ചോദ്യം ചെയ്യലിന് ഇളവ് നല്‍കുകയായിരുന്നു. ശേഷം തിങ്കളാഴ്ച വീണ്ടും രാഹുലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോണിയാ ഗാന്ധിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി എഐസിസി ആസ്ഥാനം സംഘര്‍ഷത്തിന്റെ തലസ്ഥാനമായി മാറിയിരുന്നു. ചോദ്യം ചെയ്യല്‍ രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് കോണ്‍ഗ്രസ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് തുടങ്ങുന്നതിനു മുമ്പേ ബാരിക്കേഡ് സ്ഥാപിച്ച പോലിസ് പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചു.

പോലിസ് വലയം ഭേദിച്ച് മുന്നോട്ടുപോയ എംപിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പിസിസി അധ്യക്ഷന്‍മാരും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും ഇന്നലെ മടങ്ങിയെങ്കിലും എംപിമാര്‍ ഡല്‍ഹിയില്‍ തുടരണമെന്നും വേണ്ടിവന്നാല്‍ എംപിമാരുടെ ഔദ്യോഗിക വസതികള്‍ കേന്ദ്രീകരിച്ച് സമരം ആരംഭിക്കണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും ഓഹരികളും സോണിയാ ഗാന്ധിയും രാഹുലും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.

Tags:    

Similar News