മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാരും മനുഷ്യാവകാശ, സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രപതിക്ക് നിവേദനം നല്‍കി
ആര്‍എസ്എസിന്റെയും ഹിന്ദു മഹാസഭയുടെയും സമ്മര്‍ദ്ദ ഫലമായി ഒഡിഷയിലാണ് ആദ്യ മതപരിവര്‍ത്തന നിയമം നടപ്പായത്
ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ എഴുത്തുകാരും മനുഷ്യാവകാശ, സാമൂഹിക പ്രവര്‍ത്തകരും അടങ്ങിയ നാഷണല്‍ സോളിഡാരിറ്റി ഫോറം രാഷ്ട്രപതിക്ക് നിവേദനം നല്‍കി.ഈ നിയമം ഭരണഘടന തത്ത്വങ്ങളുടെ ലംഘനവും മതേതര പാരമ്പര്യത്തെ തകര്‍ക്കുന്നതും മനുഷ്യാവകാശ ലംഘനവുമാണെന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന നിവേദനത്തില്‍ സംഘടന ചൂണ്ടിക്കാട്ടി.
1967ല്‍ ആര്‍എസ്എസിന്റെയും ഹിന്ദു മഹാസഭയുടെയും സമ്മര്‍ദ്ദ ഫലമായി ഒഡിഷയിലാണ് ആദ്യ മതപരിവര്‍ത്തന നിയമം നടപ്പായത്. തുടര്‍ന്ന് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും നിയമം പ്രാബല്യത്തിലായി.തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നിയമം നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നു. കര്‍ണാടകയില്‍ നിയമസഭ പാസാക്കിയ നിയമം ഉപരിസഭയും കൂടി കടന്നാല്‍ അവിടെയും നിയമമാകും. ഈ മാസം 14നാണ് ബില്‍ ഉപരിസഭയില്‍ വെക്കുന്നത്. അതിന് മുന്‍പ് നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് സംഘടന ആഹ്വാനം ചെയ്തു.
ചലച്ചിത്ര സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍, നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ പ്രതിനിധി ആനി രാജ,നാവികസേന മുന്‍ മേധാവി അഡ്മിറല്‍ എല്‍ രാംദാസ്,എന്‍എസ്എഫ് സ്ഥാപകാംഗം ഡോ. ജോണ്‍ ദയാല്‍, കണ്‍വീനര്‍ രാം പുനിയാനി, കോ കണ്‍വീനര്‍ കെ പി ശശി, സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മാന്ദര്‍, കവി കെ. സച്ചിദാനന്ദന്‍, എഐപിഡബ്ല്യുഎയുടെ കവിത കൃഷ്ണന്‍, നര്‍ത്തകി മല്ലിക സാരാഭായ്, ന്യൂക്ലിയര്‍ ആക്ടിവിസ്റ്റ് ലളിത രാംദാസ്, മുന്‍ മന്ത്രി മണി ശങ്കര്‍ അയ്യര്‍, നര്‍മദ ബചാവോ ആന്ദോളന്‍ നേതാവ് മേധ പട്കര്‍, എഴുത്തുകാരന്‍ കാഞ്ച ഐലയ്യ, അന്‍ഹദ് പ്രതിനിധി ശബ്‌നം ഹാശ്മി, സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് തുടങ്ങി 40 ഓളം പ്രമുഖരാണ് നിവേദനത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.