ഇരു വീട്ടുകാരുടേയും സമ്മതത്തോടെയുള്ള മിശ്രവിവാഹം തടഞ്ഞ് യുപി പോലിസ്
പുതിയ മത പരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് പോലിസ് വിവാഹം തടഞ്ഞത്.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വരന്റെയും വധുവിന്റെയും കുടുംബങ്ങളുടെ സമ്മതത്തോടെ നടക്കാനിരുന്ന മിശ്ര വിവാഹം തടഞ്ഞ് പോലിസ്. പുതിയ മത പരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് പോലിസ് വിവാഹം തടഞ്ഞത്.
റൈന ഗുപ്ത എന്ന ഇരുപത്തിരണ്ടുകാരി ബാല്യം മുതല്‍ അറിയുന്ന മുഹമ്മദ് ആസിഫ് എന്ന ഇരുപത്തിനാലുകാരനെയാണ് വിവാഹം കഴിക്കാനിരുന്നത്. ഇരു കുടുംബംഗങ്ങളും ചേര്‍ന്നാണ് വിവാഹം നടത്തുന്നത്. രണ്ടു കുടുംബങ്ങളിലേയും അംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് വിവാഹം ആഘോഷമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാന നിമിഷത്തിലേക്കു കടക്കുന്നതിനിടെ പോലിസ് എത്തി തടയുകയായിരുന്നു.
ഹിന്ദു മഹാസഭ ജില്ലാ പ്രസിഡന്റ് ബ്രിജേഷ് ശുക്ലയുടെ പരാതിയിയലാണ് പൊലീസ് നടപടി. ലൗ ജിഹാദ് തടയാനെന്ന പേരില്‍ യുപി പാസാക്കിയ നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമ പ്രകാരം മിശ്ര വിവാഹങ്ങള്‍ക്ക് ഒരു മാസം മുമ്പ് നോട്ടിസ് നല്‍കണം. ഈ വ്യവസ്ഥ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പോലിസ് നടപടി.
നിയമം അനുസരിക്കാന്‍ തയാറാണെന്ന് വരനും വധുവും അറിയിച്ചതോടെ പോലിസ് മടങ്ങി. ഇരുവര്‍ക്കും എതിരെ കേസ് ചാര്‍ജ് ചെയ്തിട്ടില്ലെന്ന് പോലിസ് അറിയിച്ചു. ഒരു മാസത്തിനു ശേഷം വിവാഹം നടത്താനാണ് ഇരുവരുടെയും തീരുമാനം. ആദ്യം ഹിന്ദു ആചാര പ്രകാരവും പിന്നീട് മുസ് ലിം രീതി അനുസരിച്ചും ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
പോലിസ് നടപടിക്കെതിരേ വിവാഹത്തിനെത്തിയ ബന്ധുക്കള്‍ ശക്തമായി പ്രതികരിച്ചു. വിവാദ നിയമത്തിനെതിരേ ഉയര്‍ന്ന ആശങ്ക സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.ഇരുകൂട്ടരുടേയും സമ്മതത്തോടെ നടത്തുന്ന വിവാഹത്തില്‍ പോലും പോലിസ് ഇടപെടുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.