ലഖ്‌നോ: മുഹര്‍റം ഘോഷയാത്രയ്ക്കിടെ ഫലസ്തീന്‍ പതാക വീശിയതിന് മുസ് ലിം യുവാവിനെ യുപി പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലാണ് ഔറായ് പോലിസ് സ്‌റ്റേഷനിലാണ് സംഭവം. ഘോഷയാത്രയ്ക്കിടെ ഫലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പതാക വീശിയതിനാണ് ബാര്‍ബര്‍ കടയുടമയായ 20 കാരന്‍ സാഹില്‍ എന്ന ബാദ്ഷയെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഗോരഖ് എന്ന യുവാവിനെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Full View
ഇസ് ലാമിക കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷമായ മുഹര്‍റം ഒന്നിനെ സ്വാഗതം ചെയ്ത് ഞായറാഴ്ച രാത്രിയാണ് ഭാദോഹിയിലെ മധോസിങ് ഏരിയയില്‍ ഒരു സംഘം മുസ് ലിം യുവാക്കള്‍ റാലി നടത്തിയത്. റാലിയില്‍ ഇന്ത്യന്‍ പതാകയും ഫലസ്തീന്‍ പതാകയും വീശിയിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 197(2) പ്രകാരം ഔറായ് പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ സലൂണ്‍ നടത്തുന്ന സാഹില്‍ എന്ന ബാദ്ഷയെഅറസ്റ്റ് ചെയ്തതായും മുഹമ്മദ് ഗോരഖിനെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതായും എസ്എച്ച്ഒ സച്ചിദാനന്ദ് പാണ്ഡെ പറഞ്ഞു. ഘോഷയാത്രയ്ക്ക് അനുമതി തേടിയിട്ടില്ലെന്നും ബൈക്ക് റാലിക്കിടെയാണ് ഇരുവരും ഫലസ്തീന്‍ പതാക വീശിയതെന്നും പോലിസ് പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്നതിനാണ് കേസെടുത്തതെന്നും ഘോഷയാത്രയുടെ വീഡിയോ കൂടുതല്‍ പരിശോധിച്ചുവരികയാണെന്നും പോലിസ് വ്യക്തമാക്കി.