മുസ് ലിം യുവാവിന്റെ ഫോണ്‍ മോഷ്ടിച്ച് സ്‌ഫോടന ഭീഷണി; രാജസ്ഥാന്‍ സ്വദേശിയായ ഗോപേഷ് യുപിയില്‍ അറസ്റ്റില്‍
ആഗ്ര: മുസ് ലിം യുവാവിന്റെ ഫോണ്‍ മോഷ്ടിച്ച് വിമാനത്താവളവും റെയില്‍വേ സ്‌റ്റേഷനും ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനില്‍ നിന്നുള്ള 21 കാരനായ ഗോപേഷിനെയാണ് ഉത്തര്‍പ്രദേശിലെ ആഗ്ര പോലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 31നാണ് ലഖ്‌നോയിലെ യുപി പോലിസ് ആസ്ഥാനത്തേക്ക് ഇ മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.
50 കിലോഗ്രാം ആര്‍ഡിഎക്‌സ് സ്ഥാപിച്ച് ആഗ്ര വിമാനത്താവളവും കന്റോണ്‍മെന്റ് റെയില്‍വേ സ്‌റ്റേഷനും ആഗസ്ത് മൂന്നിന് ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ ഉണ്ടായിരുന്നത്. കെ അഹമ്മദ് എന്നയാളുടെ kahmed436@gmail.com എന്ന ഇമെയിലില്‍നിന്നാണ് സന്ദേശം ലഭിച്ചത്. ആക്രമണം തടയാന്‍ പോലിസിനെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഭീഷണി ലഭിച്ചയുടന്‍ പോലിസ് ആസ്ഥാനത്തുനിന്ന് ആഗ്ര കമ്മീഷണറേറ്റില്‍ വിവരം നല്‍കി. തുടര്‍ന്ന് വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനിലും ഉടനടി വിപുലമായ പരിശോധന നടത്തി. ആഗ്ര പോലിസും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും രണ്ട് സ്ഥലങ്ങളിലുമെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ഷാഗഞ്ച് പോലിസ് സ്‌റ്റേഷന്‍ അജ്ഞാതര്‍ക്കെതിരേ കേസെടുക്കുകയും ഇ-മെയിലിന്റെ ഉല്‍ഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിലാണ് രാജസ്ഥാന്‍ സ്വദേശിയായ ഗോപേഷിനെ കസ്റ്റഡിയിലെടുത്തത്. ഗോപേഷ് ആദ്യം അഹമ്മദിന്റെ ഫോണ്‍ മോഷ്ടിക്കുകയും പിന്നീട് ഇമെയില്‍ ഐഡി ഉണ്ടാക്കുകയും ചെയ്താണ് ഭീഷണി ഇ-മെയില്‍ അച്ചതെന്ന് പോലിസ് പറഞ്ഞു. അഹമ്മദിനെതിരേ യുപി പോലിസ് വേഗത്തില്‍ നടപടിയെടുക്കുമെന്ന് മനസ്സിലാക്കിയാണ് ഇത്തരത്തില്‍ ചെയ്തതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.