2019ല്‍ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണത്തില്‍ നക്‌സല്‍ ബന്ധം തെളിഞ്ഞെന്ന്; യുപിയില്‍ ഹൈക്കോടതി അഭിഭാഷകനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു

Update: 2024-03-06 10:08 GMT
ന്യൂഡല്‍ഹി: 2019ല്‍ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചപ്പോള്‍ നക്‌സല്‍ ബന്ധം കണ്ടെത്തിയെന്ന് ആരോപിച്ച് യുപിയില്‍ യുപിയില്‍ ഹൈക്കോടതി അഭിഭാഷകനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. അലഹബാദ് ഹൈക്കോടതി അഭിഭാഷകനും മുന്‍ അധ്യാപകനുമായ കൃപാ ശങ്കര്‍ സിങ്(49), ഭാര്യ ബിന്ദ സോന എന്ന മഞ്ജു(41) എന്നിവരെയാണ് യുപി പോലിസ് അറസ്റ്റ് ചെയ്തതായിഅറിയിച്ചു. കിഴക്കന്‍ യുപിയിലെ കുശിനഗര്‍ സ്വദേശിയായ സിങ് ഫാഷിസ്റ്റ് വിരുദ്ധ മുന്നണി പ്രവര്‍ത്തകനാണ്. സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന മഞ്ജു ഈയിടെ ഹൈക്കോടതിയില്‍ പ്രൈവറ്റ് ടൈപ്പിസ്റ്റായി ജോലി ചെയ്യുകയാണ്. ദമ്പതികളുടെ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനാ റിപോര്‍ട്ട് പരിശോധിച്ചതില്‍ 'രേഖാമൂലമുള്ള തെളിവുകള്‍' കണ്ടെത്തിയതിനാലാണ് അറസ്റ്റെന്ന് എടിഎസ് അവകാശപ്പെട്ടു. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ(മാവോയിസ്റ്റ്) പ്രാഥമിക അംഗങ്ങളാണ് ഇവരെന്നും ഇന്ത്യയ്‌ക്കെതിരേ യുദ്ധം ചെയ്യാനുള്ള ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരുന്നതായി ഉപകരണങ്ങളില്‍ നിന്ന് കണ്ടെത്തിയ തെളിവുകളില്‍നിന്ന് വ്യക്തമായതായും പോലിസ് ആരോപിച്ചു. മാവോവാദി ബന്ധം ആരോപിച്ച് ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ ജി എന്‍ സായിബാബയേയും മറ്റുള്ളവരേയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മാര്‍ച്ച് അഞ്ചിന് തന്നെയാണ് പ്രയാഗ്‌രാജില്‍ നിന്ന് ദമ്പതികളെ അറസ്റ്റ് ചെയ്തത്. നേരത്തെ, നക്‌സല്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് യുപി എടിഎസ് ചോദ്യം ചെയ്യുകയും ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്ത് നാല് വര്‍ഷത്തിനു ശേഷം 2023 ഒക്ടോബര്‍ 18ന് ആക്ടിവിസ്റ്റ് അനിതാ ആസാദി(38)നെയും അവളുടെ ഭര്‍ത്താവും സഹപ്രവര്‍ത്തകനുമായ ബ്രിജേഷ് കുശ്‌വാഹയെയും അറസ്റ്റ് ചെയ്തിരുന്നു. 2019ല്‍ എടിഎസ് ചുമത്തിയ കേസുമായി ബന്ധപ്പെട്ടാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. 2019 ജൂലൈയില്‍ ഇവരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തിരുന്നുവെങ്കിലും എഫ്എസ്എല്‍ റിപോര്‍ട്ട് ലഭിച്ചത് ഈ മാസമാണെന്നാണ് എടിഎസ് പറയുന്നത്. 2004ല്‍ ഛത്തീസ്ഗഡിലെ റായ്പൂരില്‍ ആക്ടിവിസ്റ്റ് ബിനായക് സെന്നും ഭാര്യ ഇലിന സെന്നും ചേര്‍ന്ന് രൂപീകരിച്ച എന്‍ജിഒയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. വിവാഹശേഷം ഇരുവരും സിപിഐയില്‍ (മാവോയിസ്റ്റ്) ചേര്‍ന്നുവെന്നും 2007-08ല്‍ ഡല്‍ഹിയിലെത്തിയെന്നും എന്നാല്‍ 2009-10ല്‍ യുപിയിലേക്ക് മടങ്ങി കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കിടയില്‍ മാവോവാദി ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് യുടിഎസ് ആരോപണം.
Tags:    

Similar News